തൃശൂർ: രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയായ പുത്തൂർ സുവോളജിക്കൽ പാർക്കിൽ പത്ത് മാനുകൾ ചത്തത് തെരുവുനായകളുടെ ആക്രമണത്തിലെന്ന് തെളിഞ്ഞിട്ടും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഇതിനിടെ മാനുകൾ ചത്തതിന്റെ വിവരം മാദ്ധ്യമങ്ങൾക്ക് കൈമാറിയതിന്റെ പേരിൽ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വനംവകുപ്പ് കേസെടുക്കുകയും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സി.സി.എഫ് ജോർജ് പി. മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ എന്നിവർ ഉൾപ്പെട്ട സമിതി അന്വേഷിച്ച് നാലുദിവസത്തിനകം റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറുകയും ചെയ്തു.
നവംബർ 11ന് രാവിലെ ആറരയോടെയുണ്ടായ സംഭവത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയില്ല. ഉന്നതതല സംഘത്തിന്റെ റിപ്പോർട്ടിന്മേൽ നടപടിയെന്തെന്ന കാര്യത്തിൽ വനംമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജു കേരളകൗമുദിയോട് പറഞ്ഞു.
വീഴ്ച വരുത്തിയത് ഇഷ്ടക്കാർ
വിശാലമായ ആവാസ ഇടത്തിലാണെങ്കിലും രാത്രിസമയം മാനുകളെ സുരക്ഷിത കൂടുകളിലേക്ക് മാറ്റണം. ഇതിനായി കെയർ ടേക്കർമാരും ഡ്യൂട്ടിയിലുണ്ട്. എന്നാൽ തെരുവുനായകളുടെ ആക്രമണത്തിൽ മാനുകൾ കൊല്ലപ്പെട്ട ദിവസം കെയർ ടേക്കർമാർ വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവർക്കെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടിയെടുക്കുമെന്ന് ആദ്യം ഉദ്യോർഗസ്ഥർ വിശദീകരിച്ചെങ്കിലും ഇതുവരെയും നടപടിയായില്ല. കെയർ ടേക്കർമാർ താത്കാലിക ജീവനക്കാരാണെന്നും നടപടിയെടുക്കാൻ കഴിയില്ലെന്നും വിശദീകരിക്കുന്നവരുമുണ്ട്. എന്നാൽ ഭരണകക്ഷിയിൽപ്പെട്ട നേതാക്കളുടെ ഇഷ്ടക്കാരായത് കൊണ്ടാണ് നടപടിയില്ലാത്തതെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |