തൃശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എം.ജി. റോഡിന്റെ വികസനത്തിനായി ഇനിയും കാത്തിരിക്കണം. വ്യാപാരികളുമായി നിരവധിതവണ ചർച്ചകൾ നടത്തിയശേഷമാണ് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയത്. എന്നാൽ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതോടെ ഇനി അടുത്ത ഭരണസമിതിയിലാണ് ജനങ്ങളുടെ പ്രതീക്ഷ. നാല് വ്യാപാരികൾ സൗജന്യമായി സ്ഥലം വിട്ടു നൽകാൻ തയ്യാറായി. രണ്ട് മെഡിക്കൽ ഷോപ്പുകൾ മാറ്റി സ്ഥാപിക്കാൻ മറ്റൊരു സ്ഥലം ഏർപ്പാടാക്കി. സ്ഥലം വിട്ട് നൽകാതിരുന്ന രണ്ട് വ്യാപാരികൾ പിന്നീട് കോടതിയെ സമീപിച്ചിരുന്നു. കളക്ടർ നിശ്ചയിച്ച വില പറ്റില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
വികസനം ഉടനെന്ന് മേയർ എം.കെ. വർഗീസ് പലതവണ പ്രഖ്യാപിച്ചിട്ടും വികസനം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. പത്ത് വർഷം മുമ്പ് രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് എം.ജി. റോഡിന്റെ വികസനത്തിന് തുടക്കം കുറിച്ചത്. എം.ജി റോഡിലേക്ക് ഇറങ്ങുന്ന നടുവിലാൽ ജംഗ്ഷൻ വികസിപ്പിച്ചതല്ലാതെ പിന്നീട് വികസനം എത്തിയില്ല. തുടർന്ന് ജംഗ്ഷനിൽ സ്ഥലം വിട്ടുനൽകിയ വ്യക്തി അത് തിരിച്ചെടുത്തു. എം.ജി. റോഡിലെ മേൽപ്പാലം നിർമ്മിച്ചു നൽകാമെന്ന് അന്തരിച്ച സി.കെ. മേനോൻ വാഗ്ദാനം ചെയ്തിരുന്നു. അതും നടപ്പായില്ല.
കമ്മിറ്റിയെ വച്ചു, ഒന്നും നടന്നില്ല
വ്യാപാരികളുമായി ചർച്ചചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിനും എം.ജി. റോഡ് വികസനം സാധ്യമാക്കുന്നതിനും അനൂപ് ഡേവിസ് കാടയുടെ നേതൃത്വത്തിൽ മേയർ എം.കെ. വർഗീസ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വികസനത്തിന് എല്ലാ സഹകരണവും നൽകാൻ വ്യാപാരികൾ രംഗത്തെത്തിയെങ്കിലും കോർപറേഷൻ ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
പാർട്ടി സഹകരിച്ചില്ല: മേയർ
എം.ജി റോഡ് വികസനം നടക്കാതെ പോയത് തനിക്ക് പിന്തുണ നൽകിയ പാർട്ടി പൂർണമായി സഹകരിക്കാത്തതിനാലാണെന്ന് മേയർ എം.കെ. വർഗീസ്. മൂന്നിലൊന്ന് സഹകരണം പോലും സി.പി.എം കാണിച്ചില്ല. കാര്യങ്ങൾ തുറന്നു പറയാതിരിക്കാൻ കഴിയില്ല. താൻ ഭരണത്തിലെത്തിയപ്പോൾ മുതൽ ഇത് നടപ്പാക്കാനുള്ള ശ്രമം നടത്തി. ഇത് നടന്നിരുന്നെങ്കിൽ തന്റെ ഭരണകാലത്തെ ഒരു പൊൻതൂവൽ ആകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |