തൃശൂർ: ഒരു നിമിഷം അടങ്ങിയിരിക്കാത്ത പേരക്കുട്ടിയെ പിടിച്ചിരുത്താൻ വല്യുപ്പയുടെ സൂത്രവിദ്യയായിരുന്നു ചെസ്. ആ കൊച്ചുമകൻ ഇന്ന് ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ..! ഏഷ്യയിലെ ആദ്യ ലോക ചാമ്പ്യനും ആദ്യ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുമായ വിശ്വനാഥൻ ആനന്ദിനെ പോലും കരുക്കൾ നീക്കി അമ്പരപ്പിച്ച കുഞ്ഞുനിഹാലിന്റെ ആദ്യ ഗുരുവാണ് ഇന്നലെ വിടപറഞ്ഞ എടവനക്കാട് അമ്മനാം വീട്ടിൽ എ.എ.ഉമ്മർ.
ഉമ്മർ ഒടുവിൽ യാത്രയാകുമ്പോഴും ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ ചാമ്പ്യൻഷിപ്പിൽ പുതിയ ഉയരം കീഴടക്കുകയാണ് നിഹാൽ.
ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ മൂന്ന് ഗെയിമുകളിലും വിജയിച്ച് നിഹാൽ, സാക്ഷാൽ ആനന്ദിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. നിഹാലും ആനന്ദും 45 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗ്രാൻഡ് മാസ്റ്റർ അർജുൻ എറിഗൈസിയോട് തോറ്റ ആനന്ദ് മറ്റ് രണ്ട് കളികളും ജയിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ മൂന്ന് കളികളും ജയിച്ചാണ് നിഹാലിന്റെ നേട്ടം. മത്സരത്തിനിടെ വല്യുപ്പയുടെ മരണവാർത്ത നിഹാൽ സരിൻ അറിഞ്ഞെങ്കിലും എത്താനായില്ല.
വീട്ടിലേക്ക് മടങ്ങിയാലും മണിക്കൂറുകൾക്കകം തിരികെ ടൂർണമെന്റ് നടക്കുന്ന കൊൽക്കത്തയിലേക്ക് മടങ്ങണം. നേരിട്ടുള്ള വിമാനം ഇല്ലാത്തതും ക്ലോസ്ഡ് കോംപറ്റീഷൻ ആയതിനാൽ വളരെ കുറവ് ആളുകൾ മാത്രമേ ഉള്ളൂവെന്നതും നാട്ടിലേക്ക് മടങ്ങാൻ വിഘാതമായി. ഒന്നാം സ്ഥാനം നേടിയെങ്കിലും ഇന്ന് നടക്കുന്ന ബ്ലിറ്റ്‌സ് വിഭാഗത്തിൽ വല്യുപ്പ വിട പറഞ്ഞതിന്റെ ദുഃഖഭാരവുമായാണ് നിഹാൽ ഇറങ്ങുക. രാജ്യാന്തര മത്സരങ്ങൾ നിഹാൽ കളിക്കുമ്പോൾ ടെൻഷൻ സഹിക്കാനാകാതെ എരിപൊരി സഞ്ചാരത്തിലാകാറുണ്ട് ഉമ്മർ. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉമ്മറിനെ ഭയപ്പെടുത്തേണ്ടെന്ന് കരുതി നിഹാലിന്റെ മത്സരഫലം പോലും വീട്ടുകാർ പലപ്പോഴും മറച്ചുവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |