കാര്‍ വില്‍പ്പന: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി വാങ്ങുന്നത് ഈ രണ്ട് മോഡലുകള്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനമായ ഡിസയര്‍ കഴിഞ്ഞ മാസം രാജ്യത്തെ മികച്ച ഉയര്‍ന്ന വില്‍പ്പനയുമായി ചരിത്ര നേട്ടം കൈവരിച്ചു. അതേസമയം യാത്രാ വാഹനങ്ങളില്‍ ഒന്നാം സ്ഥാനം ടാറ്റ പാസഞ്ചര്‍ വെഹിക്കിളിന്റെ ടാറ്റ പഞ്ചിനാണ്. ഏപ്രിലില്‍ 23,580 ഡിസയര്‍ വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്.
ടാറ്റ പഞ്ചിന്റെ വില്‍പ്പന 19,107 യൂണിറ്റുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസയറും പഞ്ചുമാണ് വില്‍പ്പനയില്‍ മുന്‍നിരയില്‍. മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 2,29,130 ഡിസയര്‍ വാഹനങ്ങളുടെ വില്‍പ്പനയുമായി വില്‍പ്പനയില്‍ ഒന്നാമതെത്തി. പഞ്ചിന്റെ വില്‍പ്പന ഇക്കാലയളവില്‍ 1,83,980 യൂണിറ്റുകളാണ്.
മാരുതി ഡിസയര്‍
വില - 6.25 ലക്ഷം മുതല്‍ 9.31 ലക്ഷം രൂപ വരെ
വില്‍പ്പനയില്‍ മാരുതി മുന്നില്‍
ഏപ്രിലില്‍ മാരുതി കാറുകളുടെ വില്‍പ്പന 35.33 ശതമാനം ഉയര്‍ന്ന് 1,87,704 യൂണിറ്റുകളായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ വില്‍പ്പന 1,38,704 യൂണിറ്റുകളായിരുന്നു. മിനി സെഗ്മെന്റില്‍ ആള്‍ട്ടോയുടെയും എസ്. പ്രസോയുടെയും വില്‍പ്പന മുന്‍വര്‍ഷത്തെ 6,332 യൂണിറ്റില്‍ നിന്ന് 16,066 വാഹനങ്ങളായി ഉയര്‍ന്നു. ബലനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണര്‍ എന്നിവയുടെ വിഭാഗത്തിലാണ് ഏറ്റവും മികച്ച വില്‍പ്പന വര്‍ദ്ധനയുണ്ടായത്. ബ്രെസ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോന്‍ക്സ് എന്നിവയിലും മികച്ച വളര്‍ച്ചയുണ്ടായി.
ഇലക്ട്രിക് കാര്‍ വില്‍പ്പന കുതിക്കുന്നു
ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വന്‍തോതില്‍ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 79,063 ഇലക്ട്രിക് കാറുകളാണ് കമ്പനികള്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്സാണ് വിപണിയില്‍ മുന്‍നിര താരം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എം. ജി മോട്ടോര്‍സ്, വിന്‍ഫാസ്റ്റ് എന്നിവയും മികച്ച പ്രകടനം കാഴ്ചവെച്ചു.