കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ യാത്രാവിലക്കുകളും റഷ്യയും ഉക്രെയിനുമായുള്ള സംഘർഷവും രാജ്യാന്തര വിപണിയിൽ സ്വർണ വില കുത്തനെ ഉയർത്തുന്നു. സ്വർണ വില രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും ഔൺസിന് 3,400 ഡോളറിലെത്തി. ഇന്നലെ മാത്രം സ്വർണ വിലയിൽ 50 ഡോളറിന്റെ വർദ്ധനയാണുണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിച്ചതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ സ്വർണ വില ഈ മാസം തന്നെ റെക്കാഡ് ഉയരമായ 3,500 ഡോളർ കവിഞ്ഞേക്കുമെന്നാണ് പ്രവചിക്കുന്നത്.
ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 320 രൂപ വർദ്ധിച്ച് 73,040 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ വർദ്ധിച്ച് 9,130 രൂപയായി. ഏപ്രിൽ 24ന് രേഖപ്പെടുത്തിയ 74,320 രൂപയാണ് നിലവിൽ സ്വർണത്തിന്റെ റെക്കാഡ് വില. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് ഇന്ന് കേരളത്തിൽ പവൻ വില 800 രൂപയ്ക്കടുത്ത് കൂടാനിടയുണ്ട്.
വെള്ളി വില റെക്കാഡ് ഉയരത്തിൽ
കൊച്ചി: ബദൽ ആഭരണമെന്ന നിലയിൽ പ്രിയമേറിയതോടെ ഇന്ത്യയിൽ വെള്ളിയുടെ വില കിലോഗ്രാമിന് 2,000 രൂപ വർദ്ധിച്ച് 1,04,100 രൂപയിലെത്തി റെക്കാഡിട്ടു. തുടർച്ചയായ നാലാം ദിവസമാണ് വെള്ളി വില ഉയരുന്നത്. സ്വർണ വില കുത്തനെ കൂടിയതോടെയാണ് നിക്ഷേപകർ വെള്ളിയിലേക്കും പണമൊഴുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |