കൊച്ചി: മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അധിക ബാദ്ധ്യത സൃഷ്‌ടിച്ച് രാജ്യത്തെ ടെലികോം കമ്പനികൾ വീണ്ടും നിരക്ക് കൂട്ടുന്നു. പ്രവർത്തന ചെലവിലുണ്ടാകുന്ന കനത്ത വർദ്ധന കണക്കിലെടുത്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും എൻട്രി ലെവൽ പ്ളാനുകളുടെ നിരക്ക് ഉയർത്തി. മറ്റൊരു കമ്പനിയായ വോഡഫോൺ ഐഡിയയും അടുത്ത ദിവസം ചാർജ് വർദ്ധിപ്പിച്ചേക്കും. ഡാറ്റ ഉപയോഗത്തിന്റെ നിരക്കുകളിലാണ് വർദ്ധന.
നേരിട്ട് നിരക്ക് വർദ്ധിപ്പിക്കുന്നതിന് പകരം താഴ്ന്ന പ്ളാനുകൾ ഒഴിവാക്കി ഡാറ്റ ചാർജ് ഉയർത്തുന്ന തന്ത്രമാണ് കമ്പനികൾ പയറ്റുന്നത്. എൻട്രി ലെവൽ പ്ളാനുകൾ പിൻവലിക്കുന്നതിലൂടെ ടെലികോം കമ്പനികളുടെ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനത്തിൽ (എ.ആർ.പി.യു) നാല് മുതൽ എട്ടു ശതമാനം വരെ വർദ്ധനയുണ്ടാകുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
50 രൂപയുടെ വർദ്ധന
ഉപഭോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന എൻട്രി ലെവലിലെ 249 രൂപയുടെ പ്രീപെയ്‌ഡ് പ്ളാൻ കഴിഞ്ഞ ദിവസം റിലയൻസ് ജിയോ നിറുത്തലാക്കിയിരുന്നു. തൊട്ടുപിന്നാലെ ഭാരതി എയർടെല്ലും 249 രൂപയുടെ പ്രീ പെയ്‌ഡ് പ്ളാൻ പിൻവലിച്ചു. ഒരു ജി.ബി ഡാറ്റയും പരിധിയില്ലാതെ ലോക്കൽ, എസ്.ടി.ഡി കാളുകളും പ്രതിദിനം 100 എസ്.എം.എസുമാണ് 24 ദിവസം കാലാവധിയുള്ള ഈ പ്ളാനിലൂടെ ലഭിച്ചിരുന്നത്. എന്നാൽ ഈ പ്ളാൻ പിൻവലിച്ചതോടെ എയർടെല്ലിന്റെ എൻട്രി ലെവൽ പാക്കിന്റെ ചാർജ് 299 രൂപയാണ്. 28 ദിവസം കാലാവധിയുള്ള ഈ പ്ളാനിലൂടെ ഒരു ജി.ബി ഡാറ്റയും പ്രതിദിനം 100 എസ്.എം.എസും പരിധിയില്ലാത്ത ലോക്കൽ, എസ്.ടി.ഡി കാളുകളും ലഭിക്കും. റിലയൻസ് ജിയോ എൻട്രി ലെവലിലെ 209 രൂപയുടെയും 249 രൂപയുടെയും പ്ളാനുകളാണ് നിറുത്തലാക്കിയത്. ഇതോടെ എൻട്രിലെവൽ ഉപഭോക്താക്കളുടെ മൊബൈൽ ഫോൺ ബില്ലിൽ പ്രതിമാസം 50 രൂപയുടെ വർദ്ധനയുണ്ടാകും.
ഓഹരി വിലയിൽ കുതിപ്പ്
എൻട്രി പ്ളാനുകൾ നിറുത്തലാക്കിയ വാർത്തയെ തുടർന്ന് ഭാരതി എയർടെല്ലിന്റെ ഓഹരി വില ഒരു ശതമാനം ഉയർന്ന് 1,928 രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |