കൊച്ചി: അമേരിക്കയിലെ ന്യൂ ജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം കേരള സ്റ്റാർട്ടപ്പ് മിഷൻ കളമശേരി കാമ്പസ് സന്ദർശിച്ചു. സ്റ്റാർട്ടപ്പ് മേഖല മനസിലാക്കാനും കേരളവുമായി സഹകരിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം.
ക്യാമ്പസിലെ സൂപ്പർ ഫാബ് ലാബും ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ ഇൻകുബേഷൻ സെന്റർ സ്ഥിതി ചെയ്യുന്ന മേക്കർ വില്ലേജും ഉൾപ്പെടെ നൂതന സൗകര്യങ്ങൾ സംഘം വിലയിരുത്തി. 'ചൂസ് ന്യൂ ജേഴ്‌സി’ യെന്ന സാമ്പത്തിക എൻ.ജി. ഒ അടക്കം വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 30 പ്രതിനിധികൾ സംഘത്തിലുണ്ട്.
ഹെൽത്ത് ടെക്, ഡീപ് ടെക്, എ.ഐ തുടങ്ങിയ മേഖലകളിലെ 12 കേരള സ്റ്റാർട്ടപ്പ് സ്ഥാപകരുമായി ‘ചൂസ് ന്യൂ ജേഴ്‌സി' യുടെ സി.ഇ.ഒ വെസ്ലി മാത്യൂസും പ്രതിനിധികളും സംസാരിച്ചു. ഗവേഷണ, ഉന്നത വിദ്യാഭ്യാസ സഹകരണത്തിനുള്ള സാദ്ധ്യതകൾ കുസാറ്റ് നേതൃത്വവുമായി ചർച്ച നടത്തി. കെ.എസ്.യു.എമ്മിന്റെ സ്റ്റാർട്ടപ്പ് ഷോക്കേസും സന്ദർശിച്ചു. ഗവർണർ ഫിലിപ്പ് ഡി മർഫിയുടെ ഭാര്യ ടാനി സ്‌നൈഡർ മർഫിയും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |