എണ്ണയിൽ കണ്ണുനട്ട് നിക്ഷേപകർ

Monday 04 May 2026 12:55 AM IST

പശ്ചിമേഷ്യൻ സംഘർഷം നിർണായകം

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡോയിൽ വിലയും നാലാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലവുമാകും ഈ വാരം ഇന്ത്യൻ ഓഹരി വിപണിയുടെ നീക്കത്തെ സ്വാധീനിക്കുക. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതിനാൽ യുദ്ധം തീവ്രമാകുമെന്ന ആശങ്ക ശക്തമാണ്. നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വാരം ക്രൂഡോയിൽ വില ഒരവസരത്തിൽ നാല് വർഷത്തെ ഉയർന്ന തലമായ 126 ഡോളർ വരെ ഉയർന്നതിനാൽ വാരാന്ത്യത്തിൽ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വലിയ തോതിൽ പണം പിൻവലിക്കുമ്പോഴും ആഭ്യന്തര നിക്ഷേപകരുടെ കരുത്തിലാണ് ഇന്ത്യൻ ഓഹരി വിപണി ഒരു പരിധി വരെ പിടിച്ചുനിൽക്കുന്നത്.

മ്യൂച്വൽ ഫണ്ടുകൾ, സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്മെന്റ് പദ്ധതികൾ എന്നിവ വഴി പ്രതിമാസം 30,000 കോടി രൂപയിലധികമാണ് ഓരോ മാസവും ചെറുകിട നിക്ഷേപകർ വിപണിയിലെത്തിക്കുന്നത്. നടപ്പുവാരവും വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമാകുമെന്ന് വ്യാപാരികൾ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 95.26 വരെ താഴ്ന്നതും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു.

വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

1. ഇറാനും അമേരിക്കയുമായുള്ള സമാധാന ചർച്ചകളുടെ പുരോഗതി

2. ഹോർമുസ് ഇടനാഴി തുറക്കുന്നതിൽ ഇറാനുമായുള്ള ധാരണ

3. ക്രൂഡോയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും രൂപയുടെ മൂല്യവും

4. നാലാം പാദത്തിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ

വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തം

രൂപയുടെ മൂല്യത്തകർച്ചയും ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത കൂട്ടുന്നു. ഏപ്രിലിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 60,847 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. നടപ്പുവർഷം ആദ്യ നാല് മാസങ്ങളിൽ വിദേശ ഫണ്ടുകൾ പിൻവലിച്ച തുക ഇതോടെ 1.92 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം മൊത്തം വിദേശ നിക്ഷേപകർ തിരിച്ചുകൊണ്ടുപോയത് 1.62 ലക്ഷം കോടി രൂപയായിരുന്നു.

ക്രൂഡ് ഉത്പാദനം ഉയർത്താൻ ഒപ്പെക്

ജൂണിൽ ക്രൂഡോയിൽ ഉത്പാദനം പ്രതിദിനം 1.88 ലക്ഷം ബാരലായി ഉയർത്തുമെന്ന് എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഇന്നലെ വ്യക്തമാക്കി. യു.എ.ഇ പിൻമാറിയതിന് ശേഷം ഒപ്പെക് എടുക്കുന്ന ആദ്യ തീരുമാനമാണിത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാഖിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയ്ക്ക് തീരുമാനം ബാധകമാകും.