അതിശയകരമായ പ്രഖ്യാപനം ഉണ്ടായില്ല; പലിശ നിരക്ക് മാറ്റാതെ ആർബിഐ, 6.5 ശതമാനത്തിൽ തുടരും

Friday 05 April 2024 10:46 AM IST

മുംബയ്: പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പ നിരക്ക് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). തുടർച്ചയായ ഏഴാം തവണയും ആർബിഐ വായ്പാ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ ഒന്നിനെതിരെ അഞ്ച് ഭൂരിപക്ഷത്തിനാണ് വായ്പ നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിരക്കിൽ മാറ്റം വരുത്താത്തതോടെ വായ്പ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.

ആർബിഐയിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന ഹ്രസ്വകാല വായ്പയുടെ നിരക്ക് 2022 മേയ്-2023 ഫെബ്രുവരി കാലയളവിലാണ് 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനത്തിലെത്തിച്ചത്. ഇതിന് ശേഷം ആറ് തവണ സമിതി യോഗം ചേർന്നെങ്കിലും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഈ സാമ്പത്തിക വർഷത്തെ യോഗത്തിൽ നിരക്കിൽ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഏഴാം തവണയും നിരക്ക് മാറ്റം വരുത്താതെ സമിതി യോഗം അവസാനിപ്പിച്ചു.

ബോണ്ട് യീൽഡുകളും യുഎസ് ഡോളറും അസ്ഥിരമായി തുടരുമ്പോൾ ഇക്വിറ്റി വിപണികൾ നേട്ടമുണ്ടാക്കി. ഉയർന്ന പൊതു കടം വലിയ അപകടസാധ്യതയാണ് തുറന്നുവയ്ക്കുന്നതെന്ന് ആർബിഐ ഗവർണർ പറഞ്ഞു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ കടം അത്യന്തം വളർന്നുവരുന്നത് വിപണി സമ്പദ്‌വ്യവസ്ഥ അതിരുകവിഞ്ഞൊഴുകാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.