കൊച്ചി: എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള വൺ-ടൈം പാസ്വേഡ് (ഒ.ടി.പി) അധിഷ്ഠിത സേവനം വ്യാപകമാക്കി എസ്.ബി.ഐ. ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് 10,000 രൂപയ്ക്കുമേൽ പിൻവലിക്കുമ്പോൾ ഇനി ഉപഭോക്താവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺനമ്പറിലേക്ക് ഒ.ടി.പി എത്തും.
ഒ.ടി.പി നൽകിയശേഷമേ പണം പിൻവലിക്കാനാകൂ. തുടർന്ന്, പണം പിൻവലിച്ചതു സംബന്ധിച്ച അറിയിപ്പ് എസ്.എം.എസായും ഫോണിൽ ലഭിക്കും. 2020 ജനുവരി ഒന്നിനാണ് എസ്.ബി.ഐ എ.ടി.എമ്മുകളിൽ ഒ.ടി.പി സർവീസിന് തുടക്കമിട്ടത്. എ.ടി.എം കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് തടയുകയായിരുന്നു ലക്ഷ്യം.
സൗജന്യം അഞ്ചുവട്ടം
അക്കൗണ്ടിൽ ഒരുലക്ഷം രൂപയ്ക്കുമേൽ മിനിമം ബാലൻസുള്ള എസ്.ബി.ഐ ഉപഭോക്താവിന് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് എത്രതവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാം.
ഒരുലക്ഷം രൂപയ്ക്ക് താഴെ മിനിമം ബാലൻസുള്ളവർക്ക് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് മാസം അഞ്ചുവട്ടം സൗജന്യമായി പണം പിൻവലിക്കാം; മറ്റ് ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം മൂന്നുതവണയും സൗജന്യം. തുടർന്ന് ഓരോ ഇടപാടിനും നിശ്ചിത ഫീസ് ഈടാക്കും.
അന്താരാഷ്ട്ര തലത്തിലെ പണം പിൻവലിക്കലിന് 100 രൂപ വീതമാണ് ഫീസ്. ഒപ്പം പിൻവലിക്കപ്പെടുന്ന തുകയുടെ 3.5 ശതമാനവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |