പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിതവണ്ണത്തിന്റെ പ്രശ്നത്തെക്കുറിച്ചും അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. കൂടാതെ നടൻ മോഹൻലാൽ അടക്കമുള്ള പത്ത് പ്രമുഖരെ പ്രചാരണത്തിന് നിർദേശിക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്തു ശതമാനമെങ്കിലും കുറയ്ക്കാനാണ് മോദിയുടെ ആഹ്വാനം. കൂടിവരുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി അമിതവണ്ണക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
എന്താണ് അമിത വണ്ണത്തിനെതിരായ ക്യാമ്പയിൻ
ലോകമെമ്പാടുമുള്ള 250 കോടിയിലധികം ആളുകൾ അമിതഭാരമുള്ളവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് പ്രധാനമന്ത്രി തന്റെ റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞു.
റേഡിയോ പരിപാടിക്ക് പിന്നാലെ അമിതവണ്ണത്തെക്കുറിച്ചും അത് ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാൻ സഹായിക്കുന്നതിന് വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെ പ്രധാനമന്ത്രി നിർദേശിച്ചു. മോഹൻലാലിനെക്കൂടാതെ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗായിക ശ്രേയ ഘോഷാൽ, നടനും നിർമ്മാതാവുമായ ആർ. മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, പൊതുപ്രവർത്തകയും എം.പിയുമായ സുധ മൂർത്തി, വ്യവസായി ആനന്ദ് മഹീന്ദ്ര, ഒളിമ്പിക് ഭാരോദ്വഹന താരം മീരാഭായ് ചാനു, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭാക്കർ, ഭോജ്പുരി ഗായകൻ നിരാഹുവ എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്ത മറ്റുള്ളവർ.
ഈ പത്ത് പേരോട്, പത്ത് പേരെ നാമനിർദേശം ചെയ്യാനും പ്രധാനമന്ത്രി എക്സിലൂടെ നിർദേശിച്ചു. അങ്ങനെയങ്ങനെ ഈ പ്രചാരണം വലിയരീതിയിൽ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ പൊണ്ണത്തടി പ്രശ്നം എത്രത്തോളം ഗുരുതരമാണ്
ഒരാളുടെ ആരോഗ്യത്തിന് ഹാനികരമായ അമിതമായ അല്ലെങ്കിൽ അസാധാരണമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടി എന്നാണ് ലോകാരോഗ്യ സംഘടന (WHO) നിർവചിക്കുന്നത്. അമിതഭാരത്തെ 25 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബോഡി മാസ് ഇൻഡക്സ് (BMI) എന്നും പൊണ്ണത്തടി 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള BMI എന്നും നിർവചിക്കപ്പെടുന്നു.
ലോകത്ത് പൊണ്ണത്തടിയുള്ളവരുടെ കാര്യത്തിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ലക്ഷക്കണക്കിനാളുകളാണ് പൊണ്ണത്തടിയുള്ളത്. കൂടാതെ, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ രാജ്യത്ത് വ്യാപകമാകുകയാണ്.
2019 - 2021 ലെ നാഷണൽ ഫാമിലി സർവേ അനുസരിച്ച്, ഇന്ത്യയിലെ ഏകദേശം 22.9 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച 2024 ലെ ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ 'പകർച്ച വ്യാധി പോലെ' പൊണ്ണത്തടിയുണ്ടാകാം. ഇത് ഗുരുതരമായ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് രാജ്യത്തെ യുവാക്കൾക്ക്.
2022ൽ രാജ്യത്ത് അഞ്ചിനും 19നും ഇടയിൽ പ്രായമുള്ള 12.5 ദശലക്ഷം കുട്ടികൾ (7.3 ദശലക്ഷം പുരുഷന്മാരും 5.2 ദശലക്ഷം പെൺകുട്ടികളും) അമിതഭാരമുള്ളവരായിരുന്നു, 1990നെ അപേക്ഷിച്ച് 0.4 ദശലക്ഷം ഉയർന്നു.
1990 ൽ 2.4 ദശലക്ഷം സ്ത്രീകൾക്കായിരുന്നു പൊണ്ണത്തടിയുണ്ടായിരുന്നത്. 2022 ൽ ഇത് 44 ദശലക്ഷമായി. 20 വയസിന് മുകളിലുള്ള അമിതവണ്ണമുള്ള സ്ത്രീകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.
ഭക്ഷ്യ എണ്ണകൾ അമിതവണ്ണത്തിന് കാരണമാകുമോ?
തീർച്ചയായും. ഒരു പരിധിയിൽ കവിഞ്ഞുള്ള എണ്ണ ഉപയോഗം അമിത വണ്ണത്തിലേക്ക് നയിക്കും. ജങ്ക് ഫുഡും ജീവിതശൈലിയും മാത്രമാണ് പൊണ്ണത്തടിയുടെ കാരണമെന്നാണ് പലരും വിചാരിക്കുന്നത്. ഭക്ഷ്യ എണ്ണയുടെ പങ്ക് പലരും ശ്രദ്ധിക്കാതെ പോകുകയാണ്.
അമിതമായ എണ്ണ ഉപഭോഗം പൊണ്ണത്തടി നിരക്ക് വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.
കൃത്യമായി വ്യായാമം ചെയ്യുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം എണ്ണ ഉപഭോഗം കുറയ്ക്കുകയും ചെയ്യണം.ഒരാൾ പ്രതിമാസം 600 -700 മില്ലി ലിറ്ററിൽ കൂടുതൽ എണ്ണ കഴിക്കരുത്, ഇത് ഏകദേശം 20 മില്ലി ലിറ്റർ / ദിവസം (ഏകദേശം നാല് ടീസ്പൂൺ)' ആയിരിക്കും. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് അപകടകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |