പ്രവാസി മലയാളിയെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം; സൗജന്യമായി ലഭിച്ച ടിക്കറ്റിൽ കോടികളുടെ സമ്മാനം

Saturday 30 December 2023 11:41 AM IST

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഒരു മില്യൺ ദിർഹത്തിന്റെ സമ്മാനം. യുഎഇയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന നാല്പുരയ്ക്കൽ കീഴത്ത് ഷംസീറിനാണ് രണ്ട് കോടിയോളം രൂപയുടെ സമ്മാനം ലഭിച്ചത്. ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം ചേർന്നെടുത്ത 027945 എന്ന നമ്പറിലുള്ള ടിക്കറ്റിലാണ് ഭാഗ്യം തേടിയെത്തിയത്. സോഷ്യൽ മീഡിയ പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഷംസീറും സുഹൃത്തുക്കളും ടിക്കറ്റെടുക്കുകയായിരുന്നു.

ബിഗ് ടിക്കറ്റിലൂടെ നിരവധി മലയാളികൾ കോടീശ്വരന്മാരായ ചരിത്രമുണ്ട്. ഈ പ്രേരണയിലാണ് ഷംസീറും സുഹൃത്തുക്കളും ടിക്കറ്റെടുക്കാൻ തീരുമാനിച്ചത്. അഞ്ച് തവണയോളം ഭാഗ്യം പരീക്ഷിച്ച ഷംസീർ സ്‌പെഷ്യൽ ഓഫറിലൂടെ ലഭിച്ച സൗജന്യ ടിക്കറ്റിലാണ് കോടീശ്വരനായത്. 'ഇത് അഞ്ചാം തവണയാണ് ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത്. ഈ മാസം ഒരു സ്‌പെഷ്യൽ ഓഫറുണ്ടെന്ന ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഈ വർഷത്തെ അവസാന ടിക്കറ്റ് എടുത്തത്'- ഷംസീർ ഗൾഫ് മാദ്ധ്യമത്തോട് പറഞ്ഞു.

സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ഏറെ നാളത്തെ ആഗ്രഹം ഈ സമ്മാനത്തുക കൊണ്ട് നടപ്പിലാക്കുമെന്ന് ഷംസീർ പറഞ്ഞു. 'ബിഗ് ടിക്കറ്റിനോട് കടപ്പെട്ടിരിക്കുന്നു. ഈ സമ്മാനത്തുക സാമ്പത്തികമായി ഞങ്ങളെ വളരെയധികം സഹായിച്ചു. സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നം ഞാൻ ഇതിലൂടെ സാക്ഷാത്കരിക്കും'- ഷംസീർ കൂട്ടിച്ചേർത്തു.

അതേസമയം, ഈ മാസം ടിക്കറ്റ് എടുത്തവർക്ക് വമ്പൻ സമ്മാനങ്ങളാണ് ഡിസംബർ 31ന് നടക്കുന്ന നറുക്കെടുപ്പിൽ വാഗ്ദാനം ചെയ്യുന്നത്. 20 മില്യൺ ദിർഹം വരെയുള്ള സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അല്ലെങ്കിൽ അൽ ഐൻ, അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലോ ഉള്ള ഇൻസ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

ഇതാദ്യമായല്ല മലയാളികളെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. നിരവധി മലയാളികൾക്ക് കോടികളുടെ ഭാഗ്യം ബിഗ് ടിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്. ബിഗ് ടിക്കറ്റ് ഏറ്റവും കൂടുതൽ എടുക്കുന്നതും പ്രവാസികളാണ്. അതുകൊണ്ടാണ് എപ്പോഴും ഭാഗ്യം പ്രവാസികളെ തേടിയെത്തുന്നത്. യുഎഇ സ്വദേശികൾ പ്രവാസികളെ കൊണ്ട് ടിക്കറ്റെടുപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.