അബുദാബി: മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് യുഎഇയിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്നത്. നാട്ടിലെക്കാളും വരുമാനം ലഭിക്കുമെങ്കിലും തുച്ഛമായ യുഎഇ ദിർഹത്തിന് ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. എന്നാൽ പ്രതിമാസം പത്തുലക്ഷം രൂപവരെ ശമ്പളത്തിൽ യുഎഇയിൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര ടാലന്റ് സൊല്യൂഷൻസ് സ്ഥാപനമായ കരിയർനെറ്റ് ഗ്രൂപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ തുടങ്ങിയ മേഖലകളിൽ മിഡ്-സീനിയർ റോളുകളിൽ ജോലി ചെയ്യുന്നവരാണ് 45,000 ദിർഹം (10,56,942 രൂപ) വരെ ശമ്പളം കൈപ്പറ്റുന്നത്.
ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധർക്ക് സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി ശമ്പളമാണ് യുഎഇയിൽ ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് കുറഞ്ഞ് 25,000 ദിർഹമാണ് ശമ്പളം ലഭിക്കുക, ഏറ്റവും കൂടുതൽ 45,000 ദിർഹവും. ഉയർന്ന സ്പെഷ്യലൈസ്‌ഡ്, സീനിയർ മാനേജ്മെന്റ് റോളുകൾ കൈകാര്യം ചെയ്യുന്നവർക്ക് ശമ്പളം ഇതിലും കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെക്കാലത്ത് ഉദ്യോഗാർത്ഥികൾ ശമ്പളത്തിന് മാത്രമല്ല പ്രാധാന്യം നൽകുന്നതെന്ന് കരിയർനെറ്റ് ഗ്രൂപ്പ് സിഇഒ അൻഷുമൻദാസ് പറയുന്നു. ജോലി മാറാൻ ലഭിക്കുന്ന പിന്തുണ, പ്രകടനത്തിന് അനുസരിച്ചുള്ള ബോണസുകൾ, തൊഴിൽവളർച്ചയ്ക്കുള്ള അവസരങ്ങൾ, ജോലിയുടെ മൂല്യം തുടങ്ങിയവയും പുതിയ കാലത്തെ ഉദ്യോഗാർത്ഥികൾ പരിഗണിക്കുന്നു. സ്വന്തം ലക്ഷ്യങ്ങൾക്കും വളർച്ചയ്ക്കും അന്താരാഷ്ട്ര തലത്തിൽ ഗുണങ്ങൾ ലഭിക്കുന്നതിനുമൊക്കെയാണ് പുതിയ തലമുറയിലെ ഉദ്യോഗാർത്ഥികൾ പ്രാധാന്യം നൽകുന്നത്. ഇത് യുഎഇ പ്രാവർത്തികമാക്കുന്നതിനാലാണ് കൂടുതൽപ്പേരും അങ്ങോട്ടേയ്ക്ക് ചേക്കേറുന്നതെന്നും അൻഷുമൻദാസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |