അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സ്വപ്നങ്ങളുമായി പറന്നുയർന്നവർ തിരിച്ചു വരാൻ കഴിയാതത്ര ദൂരത്തേക്ക് യാത്രയായി. വിമാനത്തിലുണ്ടായിരുന്ന പലരുടെയും കഥകൾ പലതാണ്. ഓരോരുത്തരുടെയും സ്വപ്നങ്ങൾ, മാേഹങ്ങൾ, ആഗ്രഹങ്ങൾ, എന്നിവയെല്ലാം മഹാദുരന്തത്തിൽ ഇല്ലാതയായി.
രണ്ട് പെൺമക്കളെ ലണ്ടനിൽ തനിച്ചാക്കിയാണ് കണ്ണെത്താ ദൂരത്തേക്ക് ഒരു പിതാവിന്റെ മടക്കം. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വാഡിയയിലേക്ക് ദിവസങ്ങൾക്ക് മുമ്പാണ് ലണ്ടനിൽ നിന്നും അർജുൻഭായ് മനുഭായ് പടോലിയ എന്ന യുവാവ് അഹമ്മദാബാദിൽ എത്തുന്നത്.ഒരാഴ്ച മുമ്പായിരുന്നു ഭാര്യ ഭാരതിബെൻ ലണ്ടനിൽ മരണമടഞ്ഞത്. ഭാര്യയുടെ അവസാന ആഗ്രഹം നിറവേറ്റാൻ അവരുടെ ചിതാഭസ്മം നാട്ടിലെ ഒരു ക്ഷേത്രത്തിലെ കുളത്തിലും നദിയിലും ഒഴുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അർജുൻ ഇന്ത്യയിൽ എത്തിയത്.
മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി ചിതാഭസ്മം ഭാര്യയുടെ ആഗ്രഹപ്രകാരം നിറവേറ്റിയ ശേഷമാണ് ലണ്ടനിലേക്ക് മടങ്ങാൻ അർജുൻ എയർ ഇന്ത്യ വിമാനത്തിൽ കയറിയത്. എന്നാൽ വിധി മറ്റൊന്നായിരുന്നു അർജുന് കാത്തു വച്ചത്. വിമാനം തകർന്നു വീണ് അർജുനും സ്വപ്നങ്ങൾ ബാക്കിയാക്കി മറ്റുള്ളവർക്കൊപ്പം യാത്രയായി.
എട്ടും നാലും വയസ് മാത്രം പ്രായമുള്ള രണ്ട് പെൺകുരുന്നുകൾ തങ്ങളടെ പിതാവിനെ നഷ്ടപ്പെട്ട കാര്യമറിയാതെ കാത്തിരിക്കുകയാണ്. സൂറത്തിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ അമ്മ വിയോഗ വാർത്ത ഉൾക്കൊള്ളാനാകാതെ കടുത്ത മാനസികാവസ്ഥയിലാണുള്ളത്. എല്ലാവരെയും അലട്ടുന്ന മറ്റൊരു ചോദ്യം. അർജുന്റെ അന്ത്യകർമ്മങ്ങൾ ആര് നിർവഹിക്കുമെന്നതാണ്. മാത്രമല്ല ലണ്ടനിൽ അദ്ദേഹത്തിന്റെ കുട്ടികളെ ആരായിരിക്കും ഇനി നോക്കേണ്ടത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും വൈകാരികമായ വേദനിപ്പിക്കുന്ന നിരവധി ജീവിതങ്ങളിലൊന്നാണ് അർജുന്റേതും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |