SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.05 PM IST

'ഇതിനേക്കാൾ വലിയ രാഷ്ട്രീയക്കാർക്ക് പോലും അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്'; രാഹുൽ അപ്പീൽ നൽകാത്തത് അഹങ്കാരം കൊണ്ടാണെന്ന് അമിത് ഷാ

Increase Font Size Decrease Font Size Print Page
amit-shah

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഹങ്കാരിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എം പിയായി തുടരാൻ ആഗ്രഹമുണ്ടായിട്ടും രാഹുൽ സൂറത്ത് കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്തത് അഹങ്കാരം കൊണ്ടാണെന്നും അമിത് ഷാ ആരോപിച്ചു. കോടതി ശിക്ഷിച്ചതിനെ തുടർന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുൽ ഗാന്ധി. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കരയേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.

"തന്റെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ അദ്ദേഹം അപ്പീൽ നൽകിയിട്ടില്ല. ഇത് എന്ത് തരം അഹങ്കാരമാണ്? എം പി ആയി തുടരാൻ താൽപ്പര്യമുണ്ട്, പക്ഷേ കോടതിയിൽ പോകില്ല. ഇത്തരത്തിലുള്ള അഹങ്കാരം ഉണ്ടാകാൻ കാരണം എന്താണ്. ഈ മാന്യദ്ദേഹം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ ആളൊന്നുമല്ല. വളരെ വലിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും കൂടുതൽ അനുഭവ പരിചയമുള്ളതുമായ രാഷ്ട്രീയക്കാർക്ക് പോലും ഈ വ്യവസ്ഥ കാരണം അവരുടെ അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവ്, ജെ.ജയലളിത തുടങ്ങി രാഹുല്‍ ഗാന്ധിയെക്കാള്‍ മികച്ച അനുഭവപരിചയമുള്ള നിരവധിപേര്‍ക്ക്‌ നിയമസഭ, ലോക്‌സഭ അംഗത്വങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് സഹായകമായേക്കുമായിരുന്ന ഓർഡിനൻസ് മുമ്പ് വലിച്ചുകീറിയതും രാഹുൽ തന്നെയല്ലേ? ഔദ്യോഗിക വസതി ഒഴിപ്പിക്കാൻ തിടുക്കം കാണിച്ചിട്ടില്ല. സ്വാഭാവിക പ്രക്രിയ മാത്രമാണ്.'- അമിത് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരണവുമായി ജർമനിയും യു എസും എത്തിയിരുന്നു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്റെ മൗലിക തത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ എന്നാണ് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്. ജുഡീഷ്യൽ സ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഇന്ത്യൻ കോടതികളിൽ രാഹുൽ ഗാന്ധിയുടെ കേസുകൾ എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ടെന്നുമാണ് യു എസ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ദേവാന്ത് പട്ടേൽ പറഞ്ഞത്.

2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലുണ്ടായ 'മോദി' പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവ് വിധിക്കുകയും ചെയ്തു. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി' എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ പറഞ്ഞത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH, RAHUL GANDHI, APPEAL, DISQUALIFICATION, DEFAMATION CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY