
അഹമ്മദാബാദ്: കുവൈത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
വിമാനത്തിൽ 180 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 6.40ഓടെ വിമാനം സുരക്ഷിതമായി അഹമ്മദാബാദിൽ ലാൻഡ് ചെയ്‌തു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് കുറിപ്പ് കണ്ടെത്തിയത്. ഇയാൾ ഉടൻതന്നെ വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു. വിമാനം ലാൻഡ് ചെയ്‌തയുടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്‌പദമായ വസ്‌തുക്കൾ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ചശേഷം വിമാനയാത്ര തുടരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |