ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിലുളള ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ഇന്നലെ വൈകുന്നേരം അമൃത്സറിലെ ഭരോപാലിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫും) പഞ്ചാബ് പൊലീസും സംയക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ഹാൻഡ് ഗ്രേനേഡുകൾ, മൂന്ന് തോക്കുകൾ, ആറ് മാഗസീനുകൾ, 50 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്.
പഞ്ചാബ് പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലൂടെ ഒരു ഭീകരാക്രമണം തടയാൻ സാധിച്ചെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുളളിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ആയുധ ശേഖരം പിടിച്ചെടുക്കുന്ന പ്രധാന ഓപ്പറേഷനുകളിൽ ഒന്നാണിത്. ജമ്മുകാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ 26 ജീവനുകൾ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷാ സേന അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസവും അമൃത്സറിലെ സഹോവൽ ഗ്രാമത്തിൽ ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചലിലും ആയുധ ശേഖരം കണ്ടെടുത്തിരുന്നു. അന്ന് 450 കിലോഗ്രാം സ്‌ഫോടക വസ്തു, അഞ്ച് ഗ്രേനേഡുകൾ,നാല് തോക്കുകൾ, 220 വെടിയുണ്ടകൾ, രണ്ട് റിമോർട്ട് കൺട്രോളറുകൾ,ബാറ്ററി ചാർജർ എന്നിവയാണ് പിടിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |