സഞ്ജുവിന്റെ പിതാവിനെതിരെ കേസ് കൊടുക്കും
കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ മൂന്ന് വർഷത്തേയ്ക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ). ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കെ.സി.എയ്ക്കെതിരെ സത്യവിരുദ്ധവും അവാസ്ഥവവുമായ പ്രസ്താവന നടത്തിയെന്ന കണ്ടെത്തലിലാണ് നടപടിയെന്ന് കെ.സി.എ പറഞ്ഞു. കഴിഞ്ഞദിവസം എറണാകുളത്ത് ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
വിലക്കിന്റെ കാരണം അറിയില്ലെന്നും കേരളത്തിൽ നിന്നുള്ള താരത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും അറിയിപ്പ് കിട്ടിയശേഷം തുടർനടപടികളെ കുറിച്ച് ആലോചിക്കുമെന്നും ശ്രീശാന്ത് പ്രതികരിച്ചു. വിവാദപരാമർശങ്ങളെ തുടന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിൾസ് ടീം ലീഡ് കണ്ടെന്റെർ സായി കൃഷ്ണൻ എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
തൃപ്തികരമായ മറുപടി നൽകിയതിനാൽ ഫ്രാഞ്ചൈസികൾക്കെതിരെ നടപടികൾ തുടരേണ്ടതില്ലെന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപ്പെത്തുമ്പോൾ ജാഗ്രത പുലർത്താൻ നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, സ്വകാര്യ ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിനും കെ.സി.എ കേസ് കൊടുക്കും.
എനിക്ക് കെ.സി.എ പ്രസിഡന്റൊ സെക്രട്ടറിയോ ആകേണ്ട
കെ.സി.എയുടെ വിലക്ക് വന്നതിന് പിന്നാലെ പുറത്ത് വിട്ട് വീഡിയോയിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ ഒന്നാം പറഞ്ഞിട്ടില്ലെന്നും തനിക്ക് കെ.സി.എ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ താത്പര്യമില്ലെന്നും പരിഹാസത്തോടെ ശ്രീശാന്ത് തുറന്നടിച്ചു.
കേരളാ ക്രിക്കറ്റ് അസോസിയേഷൻ എനിക്കെതിരെ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തി എന്നൊക്കെയാണ് പറയുന്നത്. എന്താണ് ഞാൻ ചെയ്ത തെറ്റ് എന്നറിയില്ല. ഗോഡ്സ ഓൺ കൺട്രിയുടെ സ്വന്തം സൺ സഞ്ജുവിനെ പിന്തുണച്ചു. അതല്ലാതെ അസോസിയേഷനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനിൽ ഉള്ളവർ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ, അതായത് വലിയ ലെവലിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. ടിനുച്ചേട്ടനെപ്പോലെയുള്ളവർ (ടിനു യോഹന്നാൻ) കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. ടിനുച്ചേട്ടനേപ്പോലുള്ളവർ അസോസിയേഷനിൽ വന്നാൽ കുറച്ചുകൂടി നന്നായിരിക്കും എന്നു മാത്രമാണ് പറഞ്ഞത്. അസോസിയേഷനിലുള്ളവർ എന്തുകൊണ്ടാണ് അത് വളച്ചൊടിച്ച് എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എനിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നും ആകാൻ ഒരു ആഗ്രഹവുമില്ല. അതോ വോട്ടിന്റെ പേരിലുള്ള പേടിയാണോ എന്നും അറിയില്ല. എന്താണെന്ന് എനിക്ക് അറിയില്ല. എന്തായാലും നന്ദിയുണ്ട്. നമ്മൾ എപ്പോഴും സഞ്ജുവിനെയും മലയാളികളായ ക്രിക്കറ്റർമാർ ലോകത്തിന്റെ ഏതു കോണിലുണ്ടെങ്കിലും പിന്തുണച്ചിരിക്കും. കേരളമെന്നു കേട്ടാൽ തിളയ്ക്കും ചോര ഞരമ്പുകളിൽ. ലവ് യു. ജയ് ഹിന്ദ്. – ശ്രീശാന്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |