ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പ്രഥമ വിവരശേഖരണം നടത്തി ഇന്ത്യയുടെ ചന്ദ്രയാൻ 3. ശാസ്ത്ര ലോകത്തിന് അപ്രാപ്യമായിരുന്ന ദക്ഷിണ ധ്രുവത്തിലെ താപനില സംബന്ധിച്ച വിവരങ്ങളാണ് ഐഎസ്ആർഒയ്ക്ക് ലഭിച്ചത്. വിക്രം ലാൻഡറിന്റെ ഭാഗമായ ചന്ദ്രാസ് സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ് (ചാസ്തേ) ശേഖരിച്ച വിവരങ്ങളാണ് ഐഎസ്ആർഒ പങ്കുവെച്ചത്.
ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡ് ചെയ്തതിന് ശേഷം ലാൻഡറിൽ നിന്ന് റോവർ പുറത്തിറങ്ങി സഞ്ചാരമാരംഭിച്ചതായി ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ വിവിധ തരത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കായി ലാൻഡറിൽ തന്നെ നാല് പേ ലോഡ് ഐഎസ്ആർഒ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നായ ചാസ്തേയുടെ പ്രധാന ഉദ്ദേശ്യം ഉപഗ്രഹത്തിലെ മണ്ണിന്റെ താപനില പഠിക്കുക എന്നതാണ്. പത്ത് സെൻസറുകൾ അടങ്ങുന്ന ദണ്ഡിന്റെ രൂപത്തിലുള്ള ഉപകരണമാണ് ചാസ്തേ. ചാസ്തേയുടെ സെൻസറുകൾ ചന്ദ്രോപരിതലത്തിൽ താഴ്ത്തിയാണ് താപനിലയിലെ വ്യത്യാസം അളക്കുന്നത്.
ചാസ്തേയുടെ നിരീക്ഷണ പ്രകാരം ചന്ദ്രോപരിതലത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ എട്ട് സെന്റി മീറ്റർ താഴേയ്ക്ക് പോകുമ്പോൾ ഇത് മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞു. ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധ ശേഷിയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ തന്നെ ചന്ദ്രോപരിതലത്തിലെ താപനില ക്രമാതീതമായി കൂടുകയും കുറയുകയും ചെയ്യാറുണ്ട്. അതിനാൽ തന്നെ താപനിലയിലെ വ്യത്യാസവും ചന്ദ്രോപരിതലത്തിന്റെ താപപ്രതിരോധശേഷിയുമടക്കം ആഴത്തിൽ പഠിക്കാൻ ചാസ്തേ ശേഖരിക്കുന്ന വിവരങ്ങൾ നിർണായകമാകും. ചന്ദ്രൻ ആവാസയോഗ്യമാണോ എന്നീ കാര്യങ്ങളടക്കം പരിശോധിക്കാൻ ഇത്തരം വിവരങ്ങളുടെ അപഗ്രഥനം മൂലം സാദ്ധ്യമാകും എന്നാണ് വിലയിരുത്തൽ.
Chandrayaan-3 Mission:
— ISRO (@isro) August 27, 2023
Here are the first observations from the ChaSTE payload onboard Vikram Lander.
ChaSTE (Chandra's Surface Thermophysical Experiment) measures the temperature profile of the lunar topsoil around the pole, to understand the thermal behaviour of the moon's… pic.twitter.com/VZ1cjWHTnd
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |