ബാങ്കോക്ക്: അനുതിൻ ചരൺവിരാകുൽ (58) തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. വെള്ളിയാഴ്ച പാർലമെന്റിൽ നടന്ന വോട്ടിൽ 311 എം.പിമാരുടെ പിന്തുണ നേടിയാണ് ഭുംജൈതായ് പാർട്ടി നേതാവായ അനുതിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഉടൻ അധികാരമേൽക്കും.
മുൻ പ്രധാനമന്ത്രി പേതോംഗ്‌താൻ ഷിനവത്രയെ ഭരണഘടനാ കോടതി കഴിഞ്ഞ മാസം പുറത്താക്കിയ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഭരണപക്ഷമായ ഫ്യൂതായ് പാർട്ടിയുടെ സ്ഥാനാർത്ഥി ചൈകാസം നിതിസിരിയ്ക്ക് 152 വോട്ട് മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തുള്ള പീപ്പിൾസ് പാർട്ടിയുടെ പിന്തുണ അനുതിന് ലഭിച്ചു. നാല് മാസത്തിനുള്ളിൽ പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അനുതിൻ പറയുന്നു.
അയൽരാജ്യമായ കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയും നിലവിലെ സെനറ്റ് പ്രസിഡന്റുമായ ഹുൻ സെന്നുമായി നടത്തിയ വിവാദ ഫോൺ സംഭാഷണമാണ് പേതോംഗ്‌താൻ ഷിനവത്രയുടെ പുറത്താക്കലിലേക്ക് നയിച്ചത്. തായ്-കംബോഡിയ അതിർത്തി സംഘർഷം പരിഹരിക്കാൻ ഹുൻ സെന്നിനെ ഫോണിൽ വിളിച്ച ഷിനവത്ര,സംഭാഷണത്തിനിടെ തായ് മിലിട്ടറിയേയും ആർമി കമാൻഡറെയും വിമർശിച്ചു.
സംഭാഷണം ചോർന്നതോടെ രാജ്യത്ത് വൻ പ്രതിഷേധമുണ്ടാവുകയും കോടതി ഷിനവത്രയെ പുറത്താക്കുകയും ചെയ്തു. സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് പ്രധാന ഘടകകക്ഷിയായിരുന്ന അനുതിന്റെ ഭുംജൈതായ് പാർട്ടി മന്ത്രിസഭ വിടുകയും ചെയ്തു. രണ്ട് വർഷത്തിനിടെ തായ്‌ലൻഡിലുണ്ടാകുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് അനുതിൻ.
മുൻ ഉപപ്രധാനമന്ത്രി
2019 - 2025 കാലയളവിൽ ഉപപ്രധാനമന്ത്രി. ബിസിനസുകാരൻ
ആഭ്യന്തരം, ആരോഗ്യം, വാണിജ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി
മുൻ ആക്ടിംഗ് പ്രധാനമന്ത്രി ചവാരത് ചരൺവിരാകുലിന്റെ മകൻ
രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ക്യാമ്പയ്ന് നേതൃത്വം നൽകി
തക്‌സിൻ ഷിനവത്ര
ദുബായ്‌യിൽ
പേതോംഗ്‌താൻ ഷിനവത്രയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ ഷിനവത്ര രാജ്യംവിട്ട് ദുബായ്‌യിലേക്ക് പോയി. അടുത്ത ആഴ്ച വരാനിരിക്കുന്ന കോടതി വിധി തനിക്ക് എതിരായേക്കുമെന്ന സാഹചര്യത്തിലാണിത്. എന്നാൽ നാളെ രാജ്യത്ത് തിരിച്ചെത്തുമെന്നാണ് തക്‌സിൻ അറിയിച്ചത്. 15 വർഷത്തെ പ്രവാസത്തിന് ശേഷം 2023ൽ രാജ്യത്ത് തിരിച്ചെത്തിയ തക്‌സിൻ അഴിമതി കേസിനെ തുടർന്ന് ഉടൻ ജയിലായി. ജയിലിലായ ദിവസം തന്നെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തക്‌സിനെ ആശുപത്രിയിലേക്കും മാറ്റി. ആശുപത്രി വാസത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസിലാണ് കോടതി വിധിപറയുക. എതിരായാൽ അദ്ദേഹത്തിന് ജയിൽ വാസം ലഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |