ന്യൂഡൽഹി: അധികാര നിർണയത്തിന്റെ പേരിൽ കേന്ദ്രവുമായുള്ള തർക്കത്തിൽ സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെ നിർണായക നീക്കങ്ങളുമായി കേജ്‌രിവാൾ സർക്കാർ. സർവീസസ് സെക്രട്ടറി ആശിഷ് മോറയയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കോടതി വിധിയ്ക്ക് ശേഷം ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരസ്യ പ്രതികരണം നടത്തിയിരുന്നു. പിന്നാലെയായിരുന്നു ആശിഷ് മോറയുടെ കസേര തെറിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.
നിലവിൽ സർവീസസ് വകുപ്പിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവർണർക്കാണ്. ഡൽഹിയിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം കഴിഞ്ഞപ്പോഴാണ് കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവിലൂടെ സർവീസസ് വകുപ്പിന്റെ നിയന്ത്രണം ലെഫ്റ്റനന്റ് ഗവർണറിന് കീഴിലാക്കിയത്. എന്നാൽ ലഫ്റ്റനന്റ് ഗവണർ വി കെ സക്‌സേനയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന ഹർജിയിൽ സുപ്രീം കോടതി ഡൽഹി സർക്കാരിന് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. ഡൽഹിയിലെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നായിരുന്നു കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. ലെഫ്റ്റനന്റ് ഗവർണർ സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിച്ച് മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. പിന്നാലെയാണ് സർവീസസ് സെക്രട്ടറി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്.
അതേസമയം ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണമില്ലാത്ത സർക്കാർ രാജ്യം ഇല്ലാത്ത രാജാവിനെ പോലെയാണെന്നാണ് ആം ആദ്‌മി പാർട്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ ഡൽഹി രാജ്യതലസ്ഥാനമായതിനാൽ ഇവിടത്തെ ഭരണത്തിൽ തങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. 2014ൽ ആദ്യമായി അധികാരത്തിൽ വന്നത് മുതൽ അധികാരത്തിന്റെ പേരിൽ ആംആദ്മി സർക്കാരും കേന്ദ്രവുമായുള്ള തർക്കം തുടർക്കഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |