
ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി. വോട്ടിനു വേണ്ടി നരേന്ദ്ര മോദി ഏതറ്റം വരെയും പോകുമെന്നും ആവശ്യപ്പെട്ടാൽ വേദിയിൽ ഭരതനാട്യം വരെ കളിക്കുമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. മുസാഫർപൂരിൽ മഹാസഖ്യം നടത്തിയ റാലിയോടനുബന്ധിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
'അദ്ദേഹത്തിന് നിങ്ങളുടെ വോട്ട് മാത്രമാണ് ആവശ്യം. ഇരുന്നൂറ് പേരുടെ ജനക്കൂട്ടത്തിൽ നിന്നൊരാൾ വോട്ടിന് പകരമായി വേദിയിൽ ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം അതും ചെയ്യും' - രാഹുൽ ഗാന്ധി പറഞ്ഞു. ഛഠ്പൂജയുമായി ബന്ധപ്പെട്ട് ഭക്തർ മലിനമായ യമുനയിൽ കുളിക്കുമ്പോൾ പ്രധാനമന്ത്രി പ്രത്യേകം നിർമ്മിച്ച കുളത്തിൽ കുളിക്കുന്നത് ഇരട്ടത്താപ്പാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി പ്രധാനമന്ത്രി എല്ലാ ചെറുകിട ബിസിനസുകളെയും നശിപ്പിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
'നിങ്ങളുടെ ഫോണിന് പിന്നിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് നോക്കൂ, മെയ്ഡ് ഇൻ ചൈന. നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി നരേന്ദ്ര മോദി എല്ലാ ചെറുകിട ബിസിനസുകളും ഇല്ലാതാക്കി. എല്ലാം സാധനങ്ങളും ചൈനയിൽ നിന്നാണ്. എന്നാൽ, അതെല്ലാം ചൈനയിലല്ല, ബീഹാറിൽ നിർമ്മിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്, യുവാക്കൾക്ക് ബീഹാറിലെ അത്തരം ഫാക്ടറികളിൽ തൊഴിൽ ലഭിക്കണം. ഞങ്ങൾക്ക് അങ്ങനെയൊരു ബീഹാറാണ് വേണ്ടത്' അദ്ദേഹം പറഞ്ഞു.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാനത്തെ എൻഡിഎ സർക്കാരിലെ ഒരു മുഖം മാത്രമാണെന്നും റിമോട്ട് കൺട്രോൾ ബിജെപിയുടെ കൈകളിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.സാമൂഹിക നീതിയുമായി ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്നും പിന്നാക്ക വിഭാഗങ്ങളുടെ ശബ്ദം അവിടെ കേൾക്കുമെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് താൻ ലോകസഭയിൽ പറഞ്ഞപ്പോൾ പ്രധാനമന്ത്രി അതിനോട് ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |