
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് 11ന് നടക്കാനിരിക്കെ, എൻ.ഡി.എ - മഹാസഖ്യ നേതാക്കളുടെ വാക്പോര് ഉച്ചസ്ഥായിയിൽ. ആർ.ജെ.ഡിയെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണക്കറ്റു പരിഹസിച്ചു. ആർ.ജെ.ഡി അധികാരത്തിലെത്തിയാൽ തോക്ക് സംസ്‌കാരം തിരിച്ചുവരുമെന്ന്, സീതാമർഹിയിലെ പ്രചാരണറാലിയിൽ മോദി പറഞ്ഞു. ജനം മഹാസഖ്യത്തിന് വോട്ടു ചെയ്യില്ല. അവർ വന്നാൽ നാടൻതോക്ക് തങ്ങളുടെ തലയ്‌ക്ക് നേരെ ഉയരുമെന്ന് വോട്ടർമാർക്കറിയാം. വലുതാകുമ്പോൾ ഡോക്‌ടറും എൻജിനിയറും ആകണമെന്നല്ല, തെരുവു ഗുണ്ടയാകണമെന്ന് കുട്ടികൾ പറയുന്ന സാഹചര്യമുണ്ടാകും. ബീഹാറിന് ആവശ്യം സ്റ്റാർട്ടപ്പാണ്, ഹാൻഡ്സപ്പല്ല. കട്ട (നാടൻ തോക്ക്), കുശാസൻ (ദുർഭരണം), ക്രൂരത, അഴിമതി എന്നിവയാണ് ആർ.ജെ.ഡി വാഗ്ദാനം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ചിലർ കുളത്തിൽ മീൻപിടിച്ചും മുങ്ങിക്കുളിച്ചും നടക്കുകയാണെന്ന് രാഹുലിനെ പരിഹസിച്ചു. ബെഗുസാരായിയിൽ രാഹുൽ പ്രദേശവാസികൾക്കൊപ്പം കുളത്തിലിറങ്ങി മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എൻ.ഡി.എ സർക്കാരിന്റെ കാലത്ത് മത്സ്യമേഖല വികസിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
പദവിയുടെ അന്തസ്
നോക്കണമെന്ന് പ്രിയങ്ക
പദവിയുടെ അന്തസിന് അനുസരിച്ച് മോദി സംസാരിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കട്ട (നാടൻതോക്ക്) തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി. ബ്രിട്ടീഷ് ഭരണത്തിനെതിരെ മഹാത്മാ ഗാന്ധി നയിച്ച അതേ പോരാട്ടമാണ് കോൺഗ്രസ് ഇപ്പോൾ നടത്തുന്നതെന്നും കട്ടിഹറിലെ റാലിയിൽ പ്രിയങ്ക പറഞ്ഞു. ലാലു പ്രസാദ് യാദവിന്റെ മകനും സോണിയാ ഗാന്ധിയുടെ മകനും ബീഹാറിലും ഡൽഹിയിലും സീറ്റുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പരിഹസിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |