
മുംബയ്: 2026 ഐപിഎല്ലിന് മുന്നോടിയായുള്ള ട്രേഡിംഗ് വിൻഡോയിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണെ സ്വന്തമാക്കാൻ സിഎസ്കെ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിന് പകരമായി മുൻ ക്യാപ്ടൻ രവീന്ദ്ര ജഡേജയെ കൈമാറ്റം ചെയ്യാനുള്ള പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. സഞ്ജുവിനെ സ്വന്തമാക്കാൻ സിഎസ്‌കെ മറ്റേതെങ്കിലും താരങ്ങളെ കൈമാറാൻ ആദ്യം വിസമ്മതിച്ചിരുന്നുവെങ്കിലും, ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
18 കോടി മൂല്യമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും. അതിനാൽ ഈ കൈമാറ്റം എളുപ്പത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജഡേജയ്ക്ക് പകരം മറ്റൊരു താരത്തെക്കൂടി വേണമെന്ന രാജസ്ഥാന്റെ ആവശ്യം ട്രേഡിംഗിന് തടസമായേക്കുമെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസിനെയാണ് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനം ഉണ്ടായിട്ടില്ല. രാജസ്ഥാൻ റോയൽസിന്റെ പ്രധാന ഉടമയായ മനോജ് ബദാലെയാണ് ട്രേഡിംഗ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
അതേസമയം സഞ്ജുവിനെ സ്വന്തമാക്കാൻ സൺറൈസേഴ്സ് ഹൈദരാബാദും (എസ്ആർഎച്ച്) സജീവമായ താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ തങ്ങളുടെ പ്രധാന നാല് താരങ്ങളായ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരെ വിട്ടുനൽകാൻ കഴിയാത്തതിനാൽ ഹൈദരാബാദ് ചർച്ചകളിൽ നിന്ന് പിന്മാറുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |