
ടോക്കിയോ: വടക്കൻ ജപ്പാൻ തീരത്ത് ശക്തമായ ഭൂകമ്പം. പ്രാദേശിക സമയം വൈകുന്നേരം 5:03ന് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായാണ് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. സാൻറികുവിന് സമീപം പസഫിക്ക് സമുദ്രത്തിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ മണിക്കൂറുകളോളം തുടരുകയും ക്രമേണ വർദ്ധിക്കുകയും ചെയ്യാമെന്നാണ് അറിയിപ്പ്.
ഭൂകമ്പത്തെത്തുടർന്ന് ജപ്പാനിലെ ഇവാറ്റെ പ്രവിശ്യയിൽ അനേകം കെട്ടിങ്ങളടക്കം കുലുങ്ങി. ഇവാറ്റെയുടെ ചില ഭാഗങ്ങളിൽ റിക്‌ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സുനാമി സാദ്ധ്യത നിലനിൽക്കുന്നതിനാൽ തീരപ്രദേശങ്ങൾ നിന്ന് മാറണമെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ ആയ എൻഎച്ച്‌കെ ജനങ്ങളോട് അഭ്യർത്ഥിച്ചു. തുടർചലനങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി.
ഒഫുനാറ്റോ, ഒമിനാറ്റോ, മിയാകോ, കമൈഷി എന്നിവിടങ്ങളിൽ ചെറിയതോതിൽ സുനാമി തിരമാലകൾ ഉണ്ടായി. കുജിയിൽ 20 സെന്റീമീറ്റർ (എട്ട് ഇഞ്ച്) വരെ ഉയരത്തിൽ എത്തി. ഭൂകമ്പത്തെത്തുടർനന് ബുള്ളറ്റ് ട്രെയിനുകൾക്ക് കാലതാമസമുണ്ടാവുകയും പലയിടങ്ങളിലും വൈദ്യുതി തടസമുണ്ടാവുകയും ചെയ്തു. പസഫിക് 'റിംഗ് ഒഫ് ഫയറിൽ' ഉൾപ്പെടുന്ന ജപ്പാൻ ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശമാണ്. 2011ലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും വലിയ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |