
അൽ ക്വഇദ, ഐസിസ് ഭീകര ഗ്രൂപ്പുകൾ പിടിമുറുക്കുന്നു
ബമാകോ : ആഭ്യന്തര സംഘർഷം രൂക്ഷമായ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യൻ തൊഴിലാളികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച കോബ്രി മേഖലയിൽ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലി ചെയ്തുകൊണ്ടിരുന്നവരെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മറ്റ് ഇന്ത്യൻ തൊഴിലാളികളെ കമ്പനി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. മാലിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ആക്രമണം ശക്തമാക്കിയ ഭീകര സംഘടനയായ അൽ ക്വഇദ ബന്ധമുള്ള ജെ.എൻ.ഐ.എം (ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലീമിൻ) ആകാം പിന്നിലെന്ന് കരുതുന്നു. അൽ ക്വഇദ, ഐസിസ് ഭീകര ഗ്രൂപ്പുകളും നിരവധി ക്രിമിനൽ, വിമത സംഘങ്ങളും പിടിമുറുക്കുന്ന മാലിയിൽ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. വൻ തുക മോചനദ്രവ്യവും ആവശ്യപ്പെടും.
അതിനിടെ ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം ശ്രമം തുടങ്ങി. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, തൊഴിലാളികളുടെ സുരക്ഷിതത്വവും മോചനവും ഉറപ്പാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മാലിയിലുള്ള പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് ഫ്രാൻസ്, യു.എസ് തുടങ്ങിയ രാജ്യങ്ങൾ അറിയിച്ചു.
# സ്ഥിതി രൂക്ഷം
അൽ ക്വഇദ ബന്ധമുള്ള സായുധ ഗ്രൂപ്പുകളുടെ സഖ്യമാണ് ജെ.എൻ.ഐ.എം. 2017ൽ രൂപംകൊണ്ടു.
2012ലാണ് രാജ്യത്ത് ആഭ്യന്തര സംഘർഷം തുടങ്ങിയത്. പ്രസിഡന്റിനെ പുറത്താക്കി
സൈന്യം അധികാരം പിടിച്ചെടുത്തത് സ്ഥിതി വഷളാക്കി
ജെ.എൻ.ഐ.എമ്മിനെതിരെ ആക്രമണങ്ങളുമായി ഭീകര സംഘടനയായ ഐസിസും സജീവം
നിലവിൽ ബമാകോ ഒഴികെ ഒട്ടുമിക്ക നഗരങ്ങളിലും ജെ.എൻ.ഐ.എം ശക്തിപ്രാപിച്ചു. സെപ്തംബർ മുതൽ ബമാകോയിലേക്കും മറ്റുമുള്ള ഭക്ഷണവും ഇന്ധനവും ജെ.എൻ.ഐ.എം തടഞ്ഞു. ട്രക്കുകൾ തടഞ്ഞ് ഡ്രൈവർമാരെ കൊല്ലും. ഊർജ്ജ, ഭക്ഷ്യ ക്ഷാമം രൂക്ഷം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല.
# പിടിച്ചുകെട്ടാനാകാതെ സർക്കാർ
മാലി ഭരിക്കുന്ന സൈനിക സർക്കാരിന് ജെ.എൻ.ഐ.എമ്മിനെ തുരത്താനാവുന്നില്ല. ബമാകോ ജെ.എൻ.ഐ.എം പിടിച്ചെടുത്താൽ മാലി അൽ ക്വഇദയുടെ നിയന്ത്രണത്തിലാകുമെന്നാണ് ആശങ്ക. രാഷ്ട്രീയ പ്രതിസന്ധി മാലിയിൽ ഭീകരരുടെ വളർച്ചയ്ക്ക് കാരണമായി. 2020ലും 2021ലും സൈനിക സർക്കാരിനുള്ളിൽ തന്നെ അട്ടിമറികളുണ്ടായി. രാഷ്ട്രീയ പാർട്ടികളെ നിരോധിച്ച സൈന്യം മുൻ പ്രധാനമന്ത്രിമാരെ അടക്കം അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |