
ചണ്ഡീഗഡ്: ഗുരുനാനാക് ദേവിന്റെ പ്രകാശ് പർവ് ആഘോഷിക്കാൻ അയൽരാജ്യത്തേക്ക് പോയ തീർത്ഥാടക സംഘത്തിൽ നിന്ന് കാണാതായ സ്‌ത്രീയെക്കുറിച്ചുള്ള വിവരം പുറത്ത്. ഇന്ത്യക്കാരിയായ സിഖ് സ്‌ത്രീ ഇസ്ലാമിലേക്ക് മതംമാറി പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ചുവെന്നാണ് വിവരം.
നവംബർ നാലിനാണ് പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 52കാരി സരബ്‌ജിത് കൗറും മറ്റ് സിഖ് തീർത്ഥാടകരും വാഗ - അട്ടാരി അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് പോയത്. മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്ന ഉഭയകക്ഷി കരാർ പ്രകാരമാണ് ഇവർ അതിർത്തി കടന്നത്. സിഖ് തീർത്ഥാടകരുടെ സംഘം ഏകദേശം പത്ത് ദിവസം പാകിസ്ഥാനിൽ ചെലവഴിച്ചശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. എന്നാൽ, അക്കൂട്ടത്തിൽ സരബ്‌ജിത് കൗർ ഉണ്ടായിരുന്നില്ല.
സരബ്‌ജിത് കൗർ ലാഹോറിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ഷെയ്‌ഖുപുര നിവാസിയായ നാസിർ ഹുസൈനെ വിവാഹം കഴിച്ചുവെന്ന് വ്യക്തമാക്കുന്ന വിവാഹ കരാറിന്റെ ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഉറുദുവിലാണ് ഈ കരാർ തയ്യാറാക്കിയിട്ടുള്ളത്. വിവാഹത്തിന് മുമ്പ് അവർ ഇസ്ലാം മതം സ്വീകരിച്ച് നൂർ എന്ന പേര് സ്വീകരിച്ചുവെന്നും അതിൽ പറയുന്നുണ്ട്. എന്നാൽ, ഇത് സത്യമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിവാഹമോചിതയായ സരബ്‌ജിത് കൗറിന് രണ്ട് ആൺമക്കളുണ്ട്. ഇവരുടെ മുൻ ഭർത്താവ് കർണൈൽ സിംഗ് കഴിഞ്ഞ 30 വർഷമായി ഇംഗ്ലണ്ടിലാണ് താമസം. സരബ്‌ജിത് കൗർ ഇന്ത്യയിലേക്ക് മടങ്ങാത്തതിനെത്തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് ഉടൻതന്നെ വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്ത്യൻ അധികൃതർ പാകിസ്ഥാനുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |