ബംഗളൂരു: കർണാടകയിലെ മാലൂരു നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി കർണാടക ഹൈക്കോടതി വിധി. കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ വൈ നഞ്ചെഗൗഡയുടെ വിജയം അസാധുവാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. മണ്ഡലത്തിൽ റീകൗണ്ടിംഗ് നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. 30 ദിവസത്തിനകം ഫലപ്രഖ്യാപനം നടത്തണമെന്നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥി കെ എസ് മഞ്ജുനാഥ് ഗൗഡ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ആർ ദേവദാസിന്റെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വോട്ടെണ്ണലിൽ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടെന്ന് ആരോപിച്ച് മഞ്ജുനാഥ് ഗൗഡ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഐക്കിയ ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന വോട്ടെണ്ണലിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സുരക്ഷിതമാക്കിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ മുൻ കോലാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ വെങ്കടരാജുവിനോട് കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കാനും നിർദ്ദേശമുണ്ട്. അതേസമയം, സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സമയം വേണമെന്ന് നഞ്ചെഗൗഡയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |