ചെന്നൈ: പൊങ്കൽ ആഘോഷത്തിനിടെ തമിഴ്‌നാട്ടിൽ റെക്കാഡ് മദ്യവിൽപന. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്‌മാക്) വഴി ജനുവരി 12 മുതൽ 16വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞവർഷമിത് 678.65 കോടി രൂപയായിരുന്നു.
ജനുവരി ഒന്ന് മുതൽ 16വരെ ടാസ്‌മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2024ൽ ഇതേ കാലയളവിൽ 2,300.23 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. 162.74 കോടി രൂപയുടെ വർദ്ധനവാണ് മദ്യവിൽപനയിൽ ഉണ്ടായത്.
അതേസമയം, ചെന്നൈയിൽ മദ്യവിൽപനയിൽ കുറവുണ്ടായതായി ടാസ്‌മാക് ഉദ്യോഗസ്ഥൻ പറഞ്ഞു. കന്യാകുമാരി, നാഗപട്ടണം, തിരുവാരൂർ, രാമനാഥപുരം എന്നിവയുൾപ്പടെ 12 ജില്ലകളിൽ വിൽപനയിൽ നേരിയ ഇടിവുണ്ടായി. പേരമ്പാലൂരിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. ബിയർ വിൽപനയിലും പേരമ്പാലൂരാണ് ഒന്നാമത്. കഴിഞ്ഞവർഷം ജില്ലയിൽ 22,435 കെയ്‌സുകൾ വിറ്റത് ഇക്കൊല്ലം 27,047 കെയ്‌സുകളായി ഉയർന്നു.
പൊങ്കലിനോടനുബന്ധിച്ച് ചില്ലറ വിൽപനശാലകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തിയത് കോർപ്പറേഷനെ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള ജില്ലകളിലും ക്യു ആർ കോഡ് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |