മുംബയ്:ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ തന്നെ നയിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് രോഹിതും ചീഫ് സെലക്ടർ അജിത്ത് അഗാർക്കറും മുംബയ്യിൽ നടത്തുന്ന പത്ര സമ്മേളനത്തിൽ മുഴുവൻ ടീമിനെയും പ്രഖ്യാപിക്കും.
ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റ്. പാകിസ്ഥാൻ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ള ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ദുബായിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഫെബ്രുവരി 6 മുതൽ 12 വരെയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയും പരിക്ക് ഭേദമായ മുഹമ്മദ് ഷമിയും ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകർ.
'ഇൻ ഓർ ഔട്ട് ", സഞ്ജു
ഡെയ്ഞ്ചർ സോണിൽ?
കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഉള്ള ടീമിലുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാതിരുന്നത് ബി.സി.സി.ഐയേയും സെലക്ടർമാരേയും ചൊടിപ്പിച്ചിട്ടുണ്ട്. സീനിയർ താരങ്ങൾ ഉൾപ്പെടെ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന് ബി.സി.സി.ഐ മാർഗരേഖപോലും തയ്യാറാക്കിയ സാഹചര്യത്തിൽ വിജയ് ഹസാരെയിൽ കളിക്കാതിരുന്നത് സഞ്ജുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനെപ്പോലും ഈ വിട്ടുനിൽക്കൽ ബാധിച്ചേക്കാം. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാതിരുന്നതിനെക്കുറിച്ച് ബി.സി.സി.ഐ അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ക്യാമ്പിൽ പങ്കെടുത്തില്ല
വിജയ് ഹസാരെ ട്രോഫിക്കു മുൻപ് നടത്തിയ കേരളാ ടീമിന്റെ ക്യാമ്പിൽ പങ്കെടുക്കാനാകില്ലെന്ന് സഞ്ജു അറിയിച്ചതിനാലാണ്, ടൂർണമെന്റിനുള്ള ടീമിൽ താരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഉൾപ്പെടുത്താതിരുന്നതെന്നാണ് അറിയാൻ കഴിയുന്നത്.വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിന് മുമ്പ് താൻ കളിക്കാൻ തയ്യാറാണെന്ന് സഞ്ജു കെ.സി.എ അധികൃതരെ അറിയിച്ചിരുന്നെന്നും വിവരമുണ്ട്.
എന്നാൽ ക്യമ്പിൽ പങ്കെടുക്കാതിരുന്നതിനാൽ സഞ്ജുവിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ആഭ്യന്തരക്രിക്കറ്റിൽ കളിക്കാത്തത് ഗുരുതര അച്ചടക്കലംഘനമായാണ് കാണുന്നതെന്നും വിജയ് ഹസാരെയിൽ കളിക്കാത്തതിന് സഞ്ജു ഇതുവരെ വ്യക്തമായ കാരണം അറിയിച്ചിട്ടില്ലെന്നും ബി.സി.സി.ഐയിലെ ഒരു ഉന്നതൻ ഇന്നലെ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം അനുമതിയില്ലാതെ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും മാറി നിന്നതിന് ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ബി.സി.സി.ഐയുടെ കരാർ നഷ്ടമായിരുന്നു. സഞ്ജു കൂടുതൽ സമയവും ദുബായിലാണ് ചെലവഴിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.- അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ട്വന്റി- 20 പരമ്പരയിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫിക്കും ഇഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് റിഷഭ് പന്ത്,കെ.എൽ രാഹുൽ, ധ്രുവ് ജുറൽ എന്നിവർക്കൊപ്പമാണ് സഞ്ജുവിനെ പരിഗണിച്ചിരുന്നത്. രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാരായിരിക്കും ടീമിലുണ്ടായിരിക്കുക.
കടിഞ്ഞാണുമായി ബി.സി.സി.ഐ
ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐ പുതിയ മാർഗരേഖ തയ്യാറാക്കിയതായി റിപ്പോർട്ട്. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുകയും ഐക്യം ഊട്ടിറപ്പിക്കുകയുമാണ് ബി.സി.സി.ഐ ലക്ഷ്യം വയ്ക്കുന്നത്.
പ്രധാന മാർഗനിർദ്ദേശങ്ങൾ
പര്യടനത്തിനൊ മത്സരത്തിനൊ പരിശീലനത്തിനോ പോകുമ്പോൾ ടീമംഗങ്ങൾ എല്ലാം ഒന്നിച്ച് യാത്ര ചെയ്യണം. ടീം ബസിലോ ടീമിന്റെ കൂടെയോ തന്നെ യാത്ര ചെയ്യണം. കുടുംബാംഗങ്ങൾക്കൊപ്പമള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടെങ്കിൽ പ്രധാന പരിശീകന്റെയൊ ചീഫ് സെലക്ടറുടേയൊ അനുമതി തേടിയിരിക്കണം.
താരങ്ങളുടെ ഏകാഗ്രതയെ ബാധിക്കും എന്ന് കണ്ടെത്തി പര്യടനങ്ങളിൽ കുടംബത്തെ ഒപ്പം കൂട്ടുന്നതിലും നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ് ബി.സി.സി.ഐ. 45 ദിവസത്തിൽ കൂടുതലുള്ള പര്യടനങ്ങളിൽ പരമാവധി 14 ദിവസം താരത്തിന് കുടുംബത്തെ (ഭാര്യ/കാമുകി, 18 വയസിൽ താഴെയുള്ള കുട്ടികൾ) ഒപ്പം നിറുത്താം.
കളിക്കാരുടെ പേഴ്സണൽ സ്റ്റാഫ്, മാനേജർമാർ, ഷെഫ്, അസിസിസ്റ്റന്റുമാർ, സുരക്ഷാ ജീവനക്കാർ എന്നിവർക്കും നിയന്ത്രണമുണ്ട്. പര്യടനങ്ങളിൽ ഇവർ അനുഗമിക്കരുത്.
ഇന്ത്യയുടെ മത്സരങ്ങളില്ലാത്ത സമയങ്ങളിൽ ബി.സി.സി.ഐയുടെ കോൺട്രാക്ട് ഉള്ള താരങ്ങളെല്ലാം ആഭ്യന്തരക്രിക്കറ്റിൽ കളിച്ചിരിക്കണം. ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനും കോൺട്രാക്ടിനും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മുഖ്യമാനദണ്ഡമാക്കും.
30 ദിവസത്തിൽ കൂടുതലുള്ള പര്യടനങ്ങളിൽ കളിക്കാരന് 150 കിലോ (5 ബാഗ്) വരെയും സപ്പോർട്ടിംഗ് സ്റ്റാഫിന് 80 കിലോ വരെയും (2 ബാഗ്) അനുവദിക്കും. 30 ദിവസത്തിൽ കുറവാണെങ്കിൽ 120 കിലോ , 60 കിലോ എന്നിങ്ങനെയാണ് കണക്ക്.
പരിശീലനം ഇടയ്ക്ക് അവസാനിപ്പിക്കാൻ ഒരുകാരണവശാലും സമ്മതിക്കല്ല. താരങ്ങളുടെ ശ്രദ്ധയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പര്യടങ്ങൾക്കിടെ പരസ്യചിത്രീകരണം അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |