ഇസ്ലാമാബാദ്: ഭൂമി അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ( പാകിസ്ഥാൻ തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാന് (72) 14 വർഷം ജയിൽ ശിക്ഷ. ഭാര്യ ബുഷ്‌റ ബീബിക്ക് ഏഴ് വർഷം തടവും വിധിച്ചു. വിവിധ അഴിമതി കേസുകളെ തുടർന്ന് ഇമ്രാൻ 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. അഡിയാല ജയിലിൽ സ്ഥാപിച്ച പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിധി പ്രഖ്യാപിച്ചത്. വിധിക്ക് പിന്നാലെ ബുഷ്റയെ കോടതിക്ക് പുറത്തുവച്ച് അറസ്റ്റ് ചെയ്തു. ഇമ്രാനും ബുഷ്റയ്ക്കും കോടതി യഥാക്രമം 10 ലക്ഷവും 5 ലക്ഷവും പാകിസ്ഥാനി രൂപ വീതം പിഴയും വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഇമ്രാൻ ആറും ബുഷ്റ മൂന്നും മാസം അധികം ജയിലിൽ കഴിയണം. താൻ അധികാരത്തിൽ തിരിച്ചെത്താതിരിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ കേസുകളാണിതെന്ന് ഇമ്രാൻ ആരോപിച്ചു. വിധിക്കെതിരെ പി.ടി.ഐ അപ്പീൽ നൽകും.
എൻ.ജി.ഒയുമായി ബന്ധപ്പെട്ട കേസ്
2018 - 2022 കാലയളവിൽ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാനും ബുഷ്റയും ചേർന്ന് സ്ഥാപിച്ച എൻ.ജി.ഒ ആയ അൽ - ഖാദിർ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസ്
ട്രസ്റ്റിന്റെ മറവിൽ അനുവദിച്ച അനധികൃത ആനുകൂല്യങ്ങൾക്ക് പകരമായി ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഇമ്രാനും ബുഷ്റയ്ക്കും 63 ഏക്കറിലേറെ ഭൂമി സമ്മാനിച്ചെന്നാണ് ആരോപണം
ഭൂമി പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു
മറ്റൊരു അഴിമതിക്കേസിൽ 2024 ജനുവരിയിൽ അറസ്റ്റിലായ ബുഷ്റ ഒക്ടോബറിൽ ജയിൽ മോചിതയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |