ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ന് രാവിലെ പുറപ്പെടും. 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോർക്കിൽ യു.എൻ ഉച്ചകോടിയിലും പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള ആദ്യ കൂടിക്കാഴ്ചയും നടക്കും.
2019ന് ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും മോദിയെ അനുഗമിക്കും. 26ന് മോദി മടങ്ങിയെത്തും.
അഫ്ഗാൻ വിഷയം
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. മൗലികവാദം, അതിർത്തി കടന്നുള്ള ഭീകരവാദം, ആഗോള ഭീകര ശൃംഖല തകർക്കൽ തുടങ്ങിയവയും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്ള അറിയിച്ചു.
മോദിയുടെ കൂടിക്കാഴ്ച:
പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ
മോദിയുടെ പരിപാടികൾ:
സെപ്തംബർ 25: വൈറ്റ്ഹൗസിൽ ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ കൂട്ടായ്മയായ ക്വാഡിന്റെ സമ്മേളനം. കഴിഞ്ഞ മാർച്ചിൽ ആദ്യ ക്വാഡ് സമ്മേളനം വെർച്വൽ ആയിരുന്നു.
വിഷയങ്ങൾ:
അഫ്ഗാനിൽ താലിബാൻ ഭരണം, അഫ്ഗാനിലെ സേനാ പിന്മാറ്റത്തിൽ യു.എസ് വിശദീകരണം. അഫ്ഗാനിലെ ഭീകര സംഘടനകളെ തടയൽ, മയക്കുമരുന്ന് കടത്ത് തടയൽ
ക്വാഡ് വാക്സിനേഷൻ : ജപ്പാൻ സഹായത്തോടെ അമേരിക്ക വികസിപ്പിക്കുന്ന വാക്സിൻ ഇന്ത്യയിൽ നിർമ്മിച്ച് ആസ്ട്രേലിയ വിതരണം ചെയ്യുന്ന പദ്ധതി. ഇന്ത്യയിലെ കൊവിഡ് മൂലം നിറുത്തിവച്ച പദ്ധതി പുനഃരാരംഭിക്കൽ.
സമകാലീന ആഗോള വിഷയങ്ങൾ, സാങ്കേതികവിദ്യ, കണക്ടിവിറ്റി, അടിസ്ഥാന വികസനം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, മാനുഷിക സഹായം, ദുരന്ത സഹായം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം.
സെപ്തംബർ 25: ന്യൂയോർക്കിൽ ഐക്യരാഷ്ട്ര ജനറൽ അസംബ്ളിയുടെ 76-ാം സമ്മേളനം.രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം വേണമെന്ന് മോദി ആവർത്തിക്കും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവും യു.എൻ 75-ാം വാർഷികവും ഒന്നിച്ചുവന്നത് നിമിത്തമാണെന്നും ചൂണ്ടിക്കാട്ടും.
കൊവിഡ് അതിജീവനം, സുസ്ഥിരത, ഭൂമിയുടെ ആവശ്യങ്ങളോടുള്ള പ്രതികരണം, ജനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കൽ, യു.എന്നിന് പുതുജീവൻ തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |