നിയമനത്തിനായി നിയമം പാസാക്കാനും നിർദ്ദേശം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് മൂന്നംഗസമിതി വേണമെന്ന സുപ്രീംകോടതിയുടെ ചരിത്ര വിധി, ചൊൽപ്പടിക്ക് നിൽക്കുന്നവരെ കേന്ദ്ര സർക്കാരുകൾ നിയമിക്കുന്ന പ്രവണത അവസാനിപ്പിച്ച് ജനാധിപത്യ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്നതായി. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതി വേണമെന്നാണ് ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘാടനാ ബെഞ്ചിന്റെ വിധി.
കമ്മിഷന്റെ നിയമനത്തിന് നിയമമുണ്ടാക്കാൻ വൈകരുതെന്ന് ഓർമ്മിപ്പിച്ച കോടതി, ഭരണഘടനാ ശില്പികളെ ഏഴു ദശകമായി ഭരണാധികാരികൾ വഞ്ചിക്കുകയാണെന്ന് തുറന്നടിച്ചു.
കമ്മിഷനെ സർക്കാർ നിയമിക്കുന്ന രീതി മാറ്റി കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഹർജികളാണ് പരിഗണിച്ചത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെ ഉൾപ്പെടുത്തണം. മൂന്നംഗ ഉന്നതസമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ രാഷ്‌ട്രപതിക്ക് നിയമനം അംഗീകരിക്കാം. ഭൂരിപക്ഷ വിധിയോട് ചേർന്നുനിന്നുക്കൊണ്ട് ജസ്റ്രിസ് അജയ് രസ്‌തോഗി സ്വന്തമായി ചില നിർദ്ദേശങ്ങളും എഴുതി.
കമ്മിഷന്റെ പ്രവർത്തനത്തിന് പ്രത്യേക സെക്രട്ടേറിയറ്ര് സംവിധാനം രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.
ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് നടപടികളുടെ സംശുദ്ധി നിലനിറുത്തിയില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വിധിയിലുണ്ട്.
സുപ്രീംകോടതി വിധിയിലൂടെ, സി.ബി.ഐ ഡയറക്‌ടറുടെയും സെൻട്രൽ വിജിലൻസ് കമ്മിഷണറുടെയും നിയമനത്തിന് സമാനമായ സംവിധാനമാണ് നടപ്പാകാൻ പോകുന്നത്.
ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അജയ് രസ്‌തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരാണ് വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ.
കടപ്പാടുള്ളവർ സ്വതന്ത്രരാവില്ല
(സുപ്രീംകോടതിയുടെ വിലയിരുത്തൽ)
1. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാണെന്ന് സർക്കാർ അവകാശപ്പെട്ടിട്ട് കാര്യമില്ല. സ്വതന്ത്രരാവുക തന്നെ വേണം. ഭരണകൂടത്തോട് കടപ്പാടുള്ള വ്യക്തിക്ക് സ്വതന്ത്രമായ മാനസികാവസ്ഥയുണ്ടാകില്ല. സ്വതന്ത്രനായ വ്യക്തി അധികാരികൾക്ക് അടിമയുമാകില്ല
2. കമ്മിഷൻ നിയമനത്തിന് രാഷ്‌ട്രീയ പാർട്ടികൾ നിയമം കൊണ്ടുവരാത്തതിന്റെ കാരണമെന്തെന്ന് മനസിലാക്കാൻ കഴിയും. സർവാധിപത്യം എക്‌സിക്യുട്ടീവിന്റെ പക്കലാണ്. കീഴ്‌പ്പെട്ട് നിൽക്കുന്ന കമ്മിഷനെ ഉപയോഗിച്ച് വീണ്ടും ഭരണം പിടിക്കാൻ ഭരണാധികാരികളുടെ ശ്രമമുണ്ടാകും
3. പാർലമെന്റ് നിയമമുണ്ടാക്കട്ടെയെന്നായിരുന്നു ഭരണഘടനാ ശില്പികളുടെ സങ്കൽപം. എന്നാൽ, ഭരണാധികാരികൾ വിശ്വാസവഞ്ചന നടത്തി. ഏഴ് ദശകമായിട്ടും നിയമം കൊണ്ടുവന്നില്ല
4. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് നിന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കേണ്ടത്. അന്യായമായ രീതിയിൽ പ്രവർത്തിക്കാനാകില്ല. തിരഞ്ഞെടുപ്പ് നടപടികൾ സ്വതന്ത്രവും നീതിയുക്തവുമല്ലെങ്കിൽ നിയമവാഴ്‌ച തകരും
5. പണാധിപത്യവും രാഷ്‌ട്രീയത്തിലെ ക്രിമിനൽവത്കരണവും ഗണ്യമായി വർദ്ധിച്ചു. മാദ്ധ്യമങ്ങളിൽ ഒരു വലിയ വിഭാഗം ഉത്തരവാദിത്വം മറന്ന് പക്ഷപാത സമീപനം സ്വീകരിക്കുന്നു
വിധിയിലേക്ക് നയിച്ചത്
മുൻ ഐ.എ.എസ് ഓഫീസറായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി മിന്നൽ വേഗത്തിൽ നിയമിച്ച നടപടി
24 മണിക്കൂർകൊണ്ട് നടത്തിയ നിയമനത്തെ വാദം നടക്കവേ കോടതി ചോദ്യം ചെയ്‌തിരുന്നു. ഫയലും വിളിച്ചുവരുത്തി
ജനാധിപത്യ മൂല്യങ്ങൾ ദുർബലപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് തകർന്നത്
- രൺദീപ് സിംഗ് സുർജേവാല,
കോൺഗ്രസ് നേതാവ്
കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം നിലനിറുത്താൻ നടപടി വേണമെന്ന് സി.പി.എം നിരന്തം ആവശ്യപ്പെടുന്നതാണ്
- സീതാറാം യെച്ചൂരി,
സി.പി.എം ജനറൽ സെക്രട്ടറി
#നിലവിലുള്ളവർ തുടരും
ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ കാലാവധി പൂർത്തിയാവുന്ന 2025വരെ തുടരും. മറ്റ് രണ്ട് അംഗങ്ങൾക്കും തുടരാം. അടുത്ത വർഷം ലോക് സഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് ഇപ്പോഴത്തെ കമ്മിഷനായിരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |