വെടിനിറുത്തൽ ലംഘിച്ചാൽ മിന്നൽ പ്രഹരം
നൂറ് ഭീകരൻമാരെ വകവരുത്തി
35 പാക് സൈനികരെ വധിച്ചു
പുൽവാമ, കണ്ഡഹാർ ആക്രമങ്ങളിലെ തീവ്രവാദികളെ വധിച്ചു
അഞ്ചു സൈനികർക്ക് വീരമൃത്യു
ന്യൂഡൽഹി: വെടിനിറുത്തൽ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം അതു ലംഘിച്ച പാകിസ്ഥാൻ ഇന്നലെ ആ സാഹസത്തിന് മുതിർന്നില്ല. രാത്രിയിലടക്കം അതിർത്തിമേഖല ശാന്തമായിരുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങാൻ തുടങ്ങി. എന്നാൽ,
പാകിസ്ഥാനെ വിശ്വസിക്കാൻ കഴിയാത്തതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്ന് വ്യോമസേന വ്യക്തമാക്കി. സമഗ്രമായ ജാഗ്രത തുടരുകയാണ്. വെടിനിറുത്തൽ ലംഘിച്ച് അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചാ ൽ കൂടുതൽ കടുത്ത മറുപടി നൽകുമെന്ന മുന്നറിയിപ്പും നൽകി.
പഹൽഗാം ഭീകരാക്രമണത്തിനു പകരംചോദിച്ച ആക്രമണത്തിൽ നൂറോളം ഭീകരൻമാരെയും 35 പാക് സൈനികരെയും വധിച്ചതായി ഇന്ത്യൻ സേന വെളിപ്പെടുത്തി.
മേയ് ഏഴിന് തുടങ്ങിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ ഇന്നലെ ഡി.ജി.എം.ഒ ലെഫ്. ജനറൽ രാജീവ് ഗായ്, വൈസ് അഡ്‌മിറൽ എ.എം പ്രമോദ്, എയർ മാർഷൽ എ.കെ.ഭാരതി എന്നിവർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വെടിനിറുത്തൽ ധാരണയ്‌ക്കു ശേഷം മേയ് 10ന് രാത്രിയിലും ഇന്നലെ പുലർച്ചെയും അതിർത്തി കടന്നും നിയന്ത്രണ രേഖ കടന്നും വെടിവയ്പും ഡ്രോൺ ആക്രമണവും നടത്തിയ പാക് നടപടി നിർഭാഗ്യകരമാണെന്ന് ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്‌ടർ ജനറൽ(ഡി.ജി.എം.ഒ) ലെഫ്. ജനറൽ രാജീവ് ഗയ് അവരുടെ ഡി.ജി.എം.ഒയെ അറിയിച്ചു. നടപടി ആവർത്തിച്ചാൽ ശക്തമായി പ്രതികരിക്കാൻ സൈനിക കമാൻഡർക്ക് കരസേനാ മേധാവി പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.
പാകിസ്ഥാൻ പ്രകോപനം തുടർന്നാൽ പ്രതികരണം കൂടുതൽ വിനാശകരവും ശക്തവുമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിനിറുത്തൽ ചർച്ചയ്‌ക്കു വിളിച്ച യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനോട് വ്യക്തമായി പറഞ്ഞിരുന്നു.
കണ്ഡഹാർ വിമാന റാഞ്ചൽ
ഭീകരൻമാരെ ഉൾപ്പെടെ വധിച്ചു
# ഇന്ത്യൻ സേന വധിച്ച യൂസഫ് അസർ, അബ്‌ദുൾ മാലിക് റൗഫ്, മുദസർ അഹമ്മദ് എന്നീ ഭീകരൻമാർക്ക് 1999 ഡിസംബറിൽ കണ്ഡഹാറിൽ ഇന്ത്യൻ വിമാനം റാഞ്ചിയതിലും ഇപ്പോഴത്തെ പുൽവാമ ഭീകരാക്രമണത്തിലും പങ്കുണ്ടായിരുന്നു.
# ഒൻപത് കേന്ദ്രങ്ങളിലായി നടത്തിയ പ്രത്യാക്രമണത്തിലാണ് നൂറോളം ഭീകരർ കൊല്ലപ്പെട്ടത്. അഞ്ച് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യ സിവിലിയൻമാരെ ഒരിക്കലും ലക്ഷ്യമിട്ടില്ലെന്നും വ്യക്തമാക്കി.
#മേയ് ഏഴിന് പാകിസ്ഥാനിൽ ഭാവൽപൂരിലെ ജെയ്ഷെ കേന്ദ്രമായ മർകസ് സുബ്ഹാൻ അല്ലാ, പാക് പഞ്ചാബിലെ മുരിദ്കെയിലുള്ള മർകസ് തയ്ബ മേയ് 8, 9 തിയതികളിൽ അവരുടെ വ്യോമതാളവങ്ങളിലെ റഡാറുകൾ തുടങ്ങിയവ മിസൈൽ ഉപയോഗിച്ച് തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. ഇന്ത്യൻ പൈലറ്റുമാർ സുരക്ഷിതരായി തിരിച്ചെത്തിയെന്നും അറിയിച്ചു.
സായുധ സേന സജ്ജം
ഏത് സാഹചര്യത്തെയും നേരിടാൻ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യൻ സായുധ സേന. പാകിസ്ഥാന്റെ നടപടികളെക്കുറിച്ച് ആശങ്കയില്ല. ഞങ്ങൾക്ക് കൃത്യമായ ലക്ഷ്യവും പദ്ധതിയുമുണ്ട്. അത് ശ്രദ്ധാപൂർവ്വം പിന്തുടരും.
വളരെയധികം സംയമനം പാലിച്ചു. നമ്മുടെ പൗരന്മാരുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും സുരക്ഷയ്ക്കും നേരെയുള്ള ഏതൊരു ഭീഷണിയും ശക്തിയോടെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |