ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും കർണാടകയിൽ നേരിട്ട പരാജയത്തിന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കടുത്ത വിമർശനം.ഇന്നലെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ നവീൻ കുമാർ കട്ടീലിന് വിമർശനമുയർന്നു.
സ്ഥാനാർത്ഥി നിർണയവും പ്രചാരണവുമുൾപ്പെടെ തിരഞ്ഞെടുപ്പ് മേൽനോട്ടം സംസ്ഥാന നേതൃത്വത്തിനായിരിക്കെ, പാളിച്ചകൾ വിശകലനം ചെയ്യാൻ യോഗം തീരുമാനിച്ചു. ഇതിന്റെ പേരിൽ കട്ടീൽ സ്ഥാനമൊഴിയില്ലെന്ന് ബൊമ്മെ പറഞ്ഞു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും സംസ്ഥാനത്ത് നല്ല പ്രതിപക്ഷമാകുമെന്നും കട്ടീൽ കഴിഞ്ഞ ദിവസം പ്രതികരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നു. അതിനു മറുപടിയായാണ് ബൊമ്മെയുടെ പ്രതികരണം.
മോദിയുടെ പരാജയമല്ല
കർണാടകയിലേത് പ്രധാനമന്ത്രി മോദിയുടെ തോൽവിയല്ലെന്നും ബൊമ്മെ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാജയമാണെന്ന കോൺഗ്രസ് പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മോദി കർണാടകയുടെ മാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇവിടെ പ്രചാരണത്തിന് എത്തിയതാണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ തോൽവിയല്ല.തിരഞ്ഞെടുപ്പ് ഫലം വിനയത്തോടെ സ്വീകരിക്കുന്നു. വിശദമായ വിശകലനം നടത്തും.
ബി.ജെ.പിയുടെ വോട്ട് വിഹിതം തുടർന്നിട്ടും സീറ്റുകൾ കുറഞ്ഞു. പാർട്ടിയുടെ മോശം പ്രകടനത്തിന് നിരവധി കാരണങ്ങളുണ്ട്. അവയെല്ലാം വിശകലനം ചെയ്യും. എല്ലാ സ്ഥാനാർത്ഥികളുടെയും യോഗം വിളിക്കും. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ച നടത്തും. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല ബി.ജെ.പി പ്രവർത്തിക്കുന്നത്. പാർട്ടി സംഘാടനം നിരന്തര പ്രക്രിയയാണ്. പരാജയം ആഴത്തിൽ പഠിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിരിച്ചുവരുമെന്നും ബൊമ്മെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |