ന്യൂഡൽഹി: ചാരവൃത്തിക്ക് വധശിക്ഷ ലഭിച്ച തിരുവനന്തപുരം സ്വദേശിയടക്കം എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് ഇളവു ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ ഭരണാധികാരിയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
ഖത്തർ അമീറുമായി നരേന്ദ്ര മോദിക്ക് അടുത്ത വ്യക്തി ബന്ധമുണ്ട്. ഇത് ചർച്ച എളുപ്പമാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം. അമീർ 2015ൽ ഇന്ത്യയിൽ വന്നപ്പോൾ ഊഷ്മള സ്വീകരണം നൽകിയിരുന്നു. കേസ് അപ്പീൽ കോടതിയിലെത്തുമ്പോൾ അനുകൂല നിലപാടിൽ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.
അതേസമയം എട്ടു പേർക്കുമെതിരെ ഉന്നയിക്കപ്പെട്ട കുറ്റം എന്തെന്നു പോലും ഇന്ത്യയെ അറിയിച്ചിട്ടില്ല. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.
കേന്ദ്രത്തിന്റെ വീഴ്ച:
കോൺഗ്രസ്
നയതന്ത്ര ഇടപെടൽ നടത്തുന്നതിൽ വിദേശകാര്യ മന്ത്രാലയത്തിന് വീഴ്‌ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ത്യൻ കോൺസുലേറ്റിന് നിയമസഹായം ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നാണ് വിമർശനം. എട്ടു പേർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനും ബി.ജെ.പിക്കുമായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വിഷയം നേരത്തെ പാർലമെന്റിൽ ഉന്നയിച്ചതാണ്. എന്നാൽ കേന്ദ്രസർക്കാരും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്
- മനീഷ് തിവാരി, കോൺഗ്രസ് എം.പി
നയതന്ത്ര തലത്തിൽ നടപടി സാദ്ധ്യമാകാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം
- സൽമാൻ ഖുർഷിദ്, കോൺഗ്രസ് നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |