SignIn
Kerala Kaumudi Online
Tuesday, 03 September 2024 11.00 AM IST

ഡൽഹി പരിശീലന കേന്ദ്രത്തിൽ ഓടവെള്ളം നിറഞ്ഞ്  3 ജീവൻ പൊലിഞ്ഞു , ഇരയായ  മലയാളി തിരുവനന്തപുരം സ്വദേശി

Increase Font Size Decrease Font Size Print Page

ias
നെവിൻ ഡാൽവിൻ സുരേഷ്, ശ്രേയ യാദവ്


സിവിൽ സർവീസ് മോഹം ജലദുരന്തമായി

ന്യൂഡൽഹി: പെരുമഴയത്ത് ഓട തകർന്നുള്ള കുത്തൊഴുക്കിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രം വെള്ളത്തിൽ മുങ്ങി മലയാളി അടക്കം മൂന്നു വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. ഡൽഹി കരോൾ ബാഗിനു സമീപം ഓൾഡ് രജീന്ദർ നഗറിലെ റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിളിൽ റോഡ്നിരപ്പിനും താഴെയുള്ള നിലയിലെ ലൈബ്രറിയിലേക്ക് വെള്ളം ഇരച്ചിറങ്ങുകയായിരുന്നു.ഇവിടെയുണ്ടായിരുന്നവരാണ് ദുരന്തത്തിൽപ്പെട്ടത്.

ജെ.എൻ.യുവിലെ ഗവേഷക വിദ്യാർത്ഥിയായ എറണാകുളം മലയാറ്റൂർ - നീലിശ്വരം മുണ്ടങ്ങാമറ്റം ലാൻസ് വില്ലയിൽ നെവിൻ ഡാൽവിൻ സുരേഷാണ് (23) മരിച്ച മലയാളി.

ഉത്തർപ്രദേശ് അംബേദ്കർ നഗർ സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാനയിലെ താനിയ സോനി (26) എന്നീ വിദ്യാർത്ഥിനികളാണ് മറ്റു രണ്ടുപേർ. മറ്റു വിദ്യാർത്ഥികളും ജീവനക്കാരും പുറത്തേക്കോടി രക്ഷപ്പെടുന്നതിനിടെ ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.ശനിയാഴ്ച രാത്രി വിദ്യാർത്ഥിനികളുടെയും ഇന്നലെ പുലർച്ചെ കണ്ടെടുത്ത നെവിന്റെയും മൃതദേഹങ്ങൾ റാംമനോഹർ ലോഹ്യ ആശുപത്രിയിലേക്കു മാറ്റി.

തിരുവനന്തപുരം തിരുമല തച്ചോട്ട്കാവ് പ്ടാരത്ത് താന്നിവിളവീട്ടിൽ റിട്ട. ഡിവൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും കാലടി സംസ്‌കൃത സർവകലാശാലയിലെ ജ്യോഗ്രഫി വകുപ്പ് മുൻമേധാവി ഡോ. ടി.എസ്. ലാൻസ്ലെറ്റിന്റെയും മകനാണ് നെവിൻ. ഏക സഹോദരി നെസ്‌സി ആലുവ മാറമ്പള്ളി എം.ഇ.എസ് കോളേജിലെ അദ്ധ്യാപികയാണ്. ബന്ധുക്കൾ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി.

ഭൗതികശരീരം ഇന്ന്

തിരുവനന്തപുരത്ത്

നെവി​ന്റെ ഭൗതികശരീരം പോസ്റ്റുമോർട്ടത്തി​ന് ശേഷം ഇന്ന് വൈകി​ട്ട് അഞ്ച് മണി​യോടെ തി​രുവനന്തപുരത്ത് കൊണ്ടുവരും. പി​താവ് ഡാൽവി​ന്റെ തി​രുമല തച്ചോട്ടുകാവ് താന്നി​വി​ള വീട്ടി​ലാണ് പൊതുദർശനം. സംസ്കാരം തീരുമാനി​ച്ചി​ട്ടി​ല്ല.

12 അടി വെള്ളം പൊങ്ങി

1. റോഡിന് സമാന്തരമായ ഓടയിലെ വെള്ളം മതിൽ തകർത്ത് അടിഭാഗത്തെ നിലയിലേക്ക് പ്രവഹിക്കുകയായിരുന്നു. ആ നിലയെ മുഴുവൻ വെള്ളത്തിലാക്കി 12അടിയോളം പൊങ്ങി.നിയമവിരുദ്ധമായാണ് ബേസ്‌മെന്റിൽ ലൈബ്രറി പ്രവർത്തിച്ചത്.

2. മരിച്ച മൂന്നുപേർക്ക് ഷോക്കേറ്റെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിലേ ഇക്കാര്യം വ്യക്തമാകൂ. വൈദ്യുതി ബന്ധം നിലച്ചതോടെ വാതിലിന്റെ ബയോമെട്രിക് സംവിധാനം പ്രവർത്തിക്കാതായെന്നും വാതിൽ തുറക്കാൻ കഴിയാതെയാണ് ഇവർ കുടുങ്ങിയതെന്നും സംശയമുണ്ട്.

3.ഡ്രെയിനേജ് സംവിധാനം ശരിയായ രീതിയിൽ പരിപാലിച്ചിരുന്നില്ല. ഇതുകാരണം പെരുമഴയിൽ വെള്ളംപൊങ്ങുകയായിരുന്നു. ദിവസങ്ങളായി ഡ്രെയിനേജ് കുത്തിയൊലിക്കുന്നത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയും ദുരന്തത്തിന് ആക്കം കൂട്ടി.

ഉടമയും കോഓർഡിനേറ്ററും അറസ്റ്റിൽ

നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ഉടമ അഭിഷേക് ഗുപ്തയെയും കോ ഓർഡിനേറ്ററെയും അറസ്റ്റ് ചെയ്‌തു. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. ഡിവിഷണൽ കമ്മിഷണറിൽ നിന്ന് ഡൽഹി ലെഫ്. ഗവർണർ വി.കെ. സക്സേന റിപ്പോർട്ട് തേടി. നാളെ സമർപ്പിക്കണം.

വൻ പ്രതിഷേധം

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രധാനപാത ഉപരോധിച്ചു. മണിക്കൂറുകൾ ഗതാഗതം താറുമാറായി. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പല പരിശീലന കേന്ദ്രങ്ങളുടെയും ബേസ്‌മെന്റിൽ ലൈബ്രറി ഉൾപ്പെടെ പ്രവർത്തിക്കുന്നതിനെ എതിർത്തിരുന്നതായി വിദ്യാ‌ർത്ഥികൾ പറഞ്ഞു. മരണകാര‌ണവും മരിച്ചവരുടെ യഥാർത്ഥ കണക്കും പുറത്തുവിടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, IAS ACADEMY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.