ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ നിന്നുള്ള വ്യാജ വാർത്തകൾ നൽകിയ ചൈനീസ് മാദ്ധ്യമങ്ങളായ ഗ്ലോബൽ ടൈംസ്,തുർക്കിയിലെ ടി.ആർ.ടി വേൾഡ് എന്നിവയുടെ എക്‌സ് അക്കൗണ്ടുകൾ ഇന്ത്യയിൽ തടഞ്ഞ ശേഷം പുന:സ്ഥാപിച്ചു. ഔദ്യോഗിക ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയുടെ പ്രവർത്തനം തടഞ്ഞിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡെയ്‌ലിക്ക് കീഴിലുള്ള ഇംഗ്ലീഷ് ടാബ്ലോയിഡ് പത്രമാണ് ഗ്ളോബൽ ടൈംസ്. ടി.ആർ.ടി തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനവും. ഇന്നലെ രാവിലെ ഇവ രണ്ടും ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. രാത്രിയോടെയാണ് പുന:സ്ഥാപിച്ചത്. എന്നാൽ നിയമപരമായ നടപടികൾക്കായി പ്രവർത്തനം നിർത്തിവച്ചതായി സിൻഹുവ അക്കൗണ്ടിൽ സന്ദേശമുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ ചൈനയിലെ ഇന്ത്യൻ എംബസി ഗ്ലോബൽ ടൈംസിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് നാശനഷ്ടങ്ങളുണ്ടായെന്ന വ്യാജ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് എക്‌സ് അക്കൗണ്ടുകൾ തടഞ്ഞത്. തെറ്റിദ്ധരിപ്പിക്കുന്നതും കൃത്രിമവുമായ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്നുള്ള വാർത്തകളെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തിയിരുന്നു.
തുർക്കി ഉത്പന്നങ്ങൾ
ബഹിഷ്‌കരിക്കും
പാകിസ്ഥാന് ആയുധങ്ങളും നിരുപാധിക പിന്തുണയും നൽകുന്ന തുർക്കിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപകമാകുന്നു. തുർക്കി സർവകലാശാലയുമായുള്ള സഹകരണം മരവിപ്പിക്കാൻ ഡൽഹി ജെ.എൻ.യു തീരുമാനിച്ചു. അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾക്ക് നൽകിയിരുന്ന ഇളവുകളും ഓഫറുകളും പിൻവലിക്കുകയാണെന്ന് ഓൺലൈൻ ട്രാവൽ ഏജൻസി മേയ്ക്ക് മൈ ട്രിപ്പ് അറിയിച്ചു. ഇവിടങ്ങളിലേക്ക് അവധിക്കാല യാത്ര തീരുമാനിച്ച ഇന്ത്യക്കാർ അവ റദ്ദാക്കുകയാണ്.
തുർക്കി ആപ്പിളിന്റെയും മറ്റ് പഴങ്ങളുടെയും ഇറക്കുമതി ബഹിഷ്‌കരിക്കാൻ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള പഴ വ്യാപാരികൾ തീരുമാനിച്ചു. തുർക്കിയിൽ നിന്ന് ഏകദേശം 1,200-1,400 കോടി രൂപയുടെ ആപ്പിളുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
തുർക്കിയിലെ ഒരു ഷൂട്ടിംഗ് അവസാനിപ്പിക്കണമെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും ആവശ്യപ്പെട്ടു. ഐക്യദാർഢ്യത്തിന്റെ പ്രതീകമായി, തുർക്കി ഉത്പന്നങ്ങൾ, യാത്ര, കയറ്റുമതി എന്നിവ ബഹിഷ്‌കരിക്കാൻ സ്വദേശി സാംസ്‌കാരിക മഞ്ച് അഭ്യർത്ഥിച്ചു.
പേരുമാറ്റത്തെ തള്ളി ഇന്ത്യ
അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരിടാനുള്ള ചൈനീസ് നീക്കം തള്ളി ഇന്ത്യ. അത്തരം ശ്രമങ്ങളെ പൂർണമായും തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |