ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ ഇല്ലാതാക്കി ജമ്മു കാശ്‌മീരിൽ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് ഭീകരവിരുദ്ധ ഓപ്പറേഷൻ ശക്തമാക്കിയതെന്ന് സേനാ മേധാവിമാർ. ജമ്മു കാശ്‌മീർ പൊലീസ് ഐ.ജി വി.കെ.ബിർദി കുമാർ, വിക്‌ടർ ഫോഴ്സ് കമാൻഡർ മേജർ ജനറൽ ധനഞ്ജയ് ജോഷി,സി.ആർ.പി.എഫ് ഐ.ജി മിതേഷ് ജെയിൻ എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്. കഴിഞ്ഞ ദിവസങ്ങളിൽ കേലാർ,ഷോപ്പിയാൻ, ത്രാൽ എന്നിവിടങ്ങളിൽ ആറ് ഭീകരരെ വധിച്ചത് വിശദീകരിക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിക്കാനായത് വലിയ നേട്ടമാണ്. ഏപ്രിൽ 26ന് പുറത്തുവിട്ട പട്ടികയിലുണ്ടായിരുന്നവരെയാണ് വധിച്ചത്. എട്ട് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മേയ് 12ന് കേലാർ പ്രദേശത്ത് ഭീകരരുണ്ടെന്ന വിവരം ലഭിച്ചു. പിറ്റേന്ന് രാവിലെ സംയുക്ത സേന എത്തിയപ്പോൾ ഭീകരർ വെടിയുതിർത്തു. പിന്നീടുണ്ടായ ഏറ്റുമുട്ടലിൽ അവരെ വധിച്ചു. ത്രാളിലെ ഓപ്പറേഷൻ ഗ്രാമത്തിലായതിനാൽ വെല്ലുവിളി നേരിട്ടെന്ന് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു. ഗ്രാമീണരെ സംരക്ഷിച്ചുകൊണ്ട് മൂന്ന് ഭീകരരെയും കീഴ്പ്പെടുത്തി.
കൊല്ലപ്പെട്ട ഷാഹിദ് കുട്ടായ്, ജർമ്മൻ വിനോദസഞ്ചാരിയെ ആക്രമിക്കുകയും കാശ്‌മീർ താഴ്‌വരയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം ഉറപ്പാക്കുകയും ചെയ്ത ആളാണ്. കൊല്ലപ്പെട്ട ആസിഫ് അഹമ്മദ് ഷെയ്ഖ്, ആമിർ നസീർ വാനി,യാവർ അഹമ്മദ് ഭട്ട് എന്നീ ഭീകരരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് 3എ.കെ സീരീസ് റൈഫിളുകൾ,12മാഗസിനുകൾ,3ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെത്തി.
മൂന്ന് ഭീകരർ അറസ്റ്റിൽ
ലഷ്‌കർ ബന്ധമുള്ള മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നിവരെ പിടികൂടി. ബുദ്ഗാം മഗാം കവൂസ നർബൽ പ്രദേശത്തുനിന്നാണ് പിടികൂടിയത്. പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു. പാകിസ്ഥാനിലുള്ള ലഷ്‌കർ ഭീകരൻ ആബിദ് ഖയൂം ലോണിന്റെ സഹായികളായ ഇവർ ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യൽ, ആക്രമണങ്ങൾക്ക് സഹായം തുടങ്ങിയ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |