ന്യൂഡൽഹി: രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ ചാരപ്രവർത്തനം നടത്തുന്നവരെ പൂട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യമാകെ വലവിരിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ സേനാരഹസ്യങ്ങൾ ചോർത്താനും വ്യാജ പ്രചാരണം നടത്താനും ഇന്ത്യയ്ക്കകത്ത് നീക്കം നടന്ന പശ്ചാത്തലത്തിലാണ് നടപടി. ഭീകര പ്രവർത്തനത്തിന് ചാലകശക്തിയായി പ്രവർത്തിച്ച 10 പേരെ രാജ്യത്തിനകത്തുനിന്ന് ഇതിനകം അറസ്റ്റ് ചെയ്തു.
അതത് സംസ്ഥാനങ്ങളിലെ പൊലീസിന്റെകൂടി സഹകരണത്തോടെയാണ് നടപടികൾ.
ചാരവൃത്തിക്ക് സോഷ്യൽ മീഡിയയും പാകിസ്ഥാൻ ആയുധമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഹരിയാന സ്വദേശിയായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്. മൽഹോത്ര മറ്റു ചില വ്ളോഗർമാരെയും ഇതിനായി പ്രേരിപ്പിച്ചെന്നാണ് വിവരം. ഒഡീഷയിലെ പുരിയിലുള്ള വനിത വ്ളോഗറും നിരീക്ഷണത്തിലാണ്. പാക് ചാര ഏജൻസി പല വ്ളോഗർമാരെയും നേരിട്ട് ബന്ധപ്പെട്ടെന്നാണ് ജ്യോതിയെ ചോദ്യം ചെയ്യുന്ന ഹിസാർ പൊലീസിന്റെ വെളിപ്പെടുത്തൽ. പൊലീസ് ജ്യോതിയുടെ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു.
അറസ്റ്റിലായ മറ്റ് ഒൻപതുപേർ
# പഞ്ചാബ് പൊലീസ് മലേർകോട്ലയിൽ നിന്ന് ഗുസാലയും (31) സഹായി യമീൻ മുഹമ്മദും.
#ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് ഉത്തർപ്രദേശിലെ കൈരാനാ സ്വദേശിയായ സെക്യൂരിറ്റി ഗാർഡ് നൗമാൻ ഇലാഹി (24).
#പഞ്ചാബിലെ ഭട്ടിണ്ട കന്റോൺമെന്റിനുള്ളിലെ കടയിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ് റൂർക്കി സ്വദേശി റഖീബ് ഖാൻ,
# ഭട്ടിണ്ടയിൽ അറസ്റ്റിലായ ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള ചെരുപ്പുകുത്തി സുനിൽ കുമാർ
# പഞ്ചാബ് സ്വദേശിയും പാട്യാലാ ഖൽസ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ ദേവേന്ദ്ര സിംഗ് ധില്ലൺ.
# അമൃത്‌സറിൽ അറസ്റ്റിലായ പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ്.
# ഇവരെ ഐ.എസ്.ഐയുമായി ബന്ധപ്പെടുത്തിയ അമൃത്സർ സെൻട്രൽ ജയിലിലെ തടവുകാരനായ ഹർപ്രീത് സിംഗ് എന്ന ഹാപ്പി.
യാത്രാവിഭവങ്ങൾ മറയാക്കി ഐ.എസ്.ഐ ബന്ധം
1. ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജ്യോതി മൽഹോത്രയ്‌ക്കുള്ള സ്വാധീനം മനസിലാക്കിയാണ് പാകിസ്ഥാൻ അവരെ വശത്താക്കിയത്. ഇവർക്ക് 3.77 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും 1.33 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുണ്ട്.
2. 2023ൽ പാകിസ്ഥാൻ യാത്രയ‌്ക്കുള്ള വിസ ശരിയാക്കാൻ ജ്യോതി ഡൽഹി പാക് ഹൈക്കമ്മിഷൻ സന്ദർശിച്ചപ്പോഴാണ് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥൻ ഡാനിഷ് എന്ന എഹ്സാൻ-ഉർ-റഹിമിനെ പരിചയപ്പെടുന്നത്.
3. പാകിസ്ഥാനിൽ പോയപ്പോൾ ഐ.എസ്.ഐ ഉദ്യോഗസ്ഥരിലേക്ക് ബന്ധം നീണ്ടു. തുടർന്ന് ജ്യോതി നടത്തിയ പാകിസ്ഥാൻ, ചൈന, ഇന്തോനേഷ്യ യാത്രകൾ അവരുടെ സ്‌പോൺസർഷിപ്പിൽ. നാലു തവണ പാകിസ്ഥാൻ സന്ദർശിച്ചു. അപ്പോൾ പരിചയപ്പെട്ട പാക് ഹാൻഡ്‌ലർമാരുമായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം തുടർന്ന് നിർണായക വിവരങ്ങൾ കൈമാറി. ഇതിൽ ഒരാളുമൊത്ത് ഇന്തോനേഷ്യയിലെ ബാലിയിലേക്കും പോയി.
4. ഡൽഹിയിലെ പാക് എംബസിയുടെ ഇഫ്താർ വിരുന്നുകളിലടക്കം ജ്യോതി സ്ഥിരം സാന്നിദ്ധ്യമായിരുന്നു. മാർച്ച് 28ന് പാകിസ്ഥാൻ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ശേഷം ജ്യോതി പോസ്റ്റു ചെയ്‌ത വീഡിയോ പാക് ഉദ്യോഗസ്ഥരുമായുള്ള അടുപ്പം വ്യക്തമാക്കുന്നു.
കേരളത്തിലും സന്ദർശനം
യാത്രയും സംസ്‌കാരവും വിഭവങ്ങളും പരിചയപ്പെടുത്തുന്നതാണ് ജ്യോതി മൽഹോത്രയുടെ വീഡിയോകളുടെ ഉള്ളടക്കം. കേരളത്തിലുമെത്തി വീഡിയോകൾ ചെയ്തിട്ടുണ്ട്. കൊച്ചി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ജ്യോതിയുടെ വീഡിയോകൾ യൂട്യൂബിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |