ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെയും വനിതാ സൈനിക ഉദ്യോഗസ്ഥരെയും സമൂഹമാദ്ധ്യമ പോസ്റ്റിൽ അവഹേളിച്ചെന്ന കേസിൽ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് അശോക സർവകലാശാല പ്രൊഫസർ അലി ഖാൻ മഹ്‌മൂദാബാദ് സുപ്രീംകോടതിയിൽ. ഹർജിയിൽ പിന്നീട് വാദം കേൾക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ അറിയിച്ചു.
ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേണു ഭാട്ടിയയും സംസ്ഥാന യുവമോർച്ച ജനറൽ സെക്രട്ടറി യോഗേഷ് ജതേരിയും നൽകിയ പരാതിയിലാണ് ഞായറാഴ്ച രാവിലെ ഡൽഹിയിലെ വസതിയിൽ നിന്ന് അദ്ധ്യാപകനെ അറസ്റ്റു ചെയ്‌തത്.
യുദ്ധം കൊണ്ട് ദരിദ്രർ ദുരിതമനുഭവിച്ചെന്നും രാഷ്ട്രീയക്കാരും പ്രതിരോധ കമ്പനികളും നേട്ടമുണ്ടാക്കിയെന്നും സമൂഹമാദ്ധ്യമത്തിൽ പ്രൊഫസർ പോസ്റ്റു ചെയ്‌തിരുന്നു. യുദ്ധത്തിനായി വാദിക്കുന്നവർ സംഘർഷമേഖലയിൽ താമസിക്കുന്നവരല്ല, കേണൽ ഖുറേഷിക്കും വിംഗ് കമാൻഡർ വ്യോമിക സിംഗിനും ലഭിക്കുന്ന പിന്തുണ ആൾക്കൂട്ട കൊലപാതക ഇരകൾക്ക് ലഭിക്കുന്നില്ലെന്നും പ്രൊഫസർ കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |