വിശാഖാപട്ടണം: ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ കാറിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് മരിച്ചത്. ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്. മറ്റു രണ്ട് കുട്ടികൾ അവരുടെ സുഹൃത്തുക്കളും. വിജയനഗരം കന്റോൺമെന്റിന് കീഴിലുള്ള ദ്വാരപുഡിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിറുത്തിയിട്ട കാർ കണ്ടത്. തുടർന്ന് കുട്ടികൾ കാറിൽ കയറി കള്ളിക്കുന്നതിനിടെ ലോക്കാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മണിക്കൂറിലധികം കുട്ടികൾ കറിൽ കുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ വിജയനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കാറിൽ ചൈൽഡ് ലോക്ക് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. കുട്ടികൾ അബദ്ധത്തിൽ സെൻട്രൽ ലോക്കിംഗ് സിസ്റ്റം അകത്തു നിന്ന് പ്രവർത്തിപ്പിച്ചെന്നാണ് നിഗമനം. കുട്ടികളുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയ ശേഷം പിന്നീട് സംസ്കരിച്ചു.
ഏപ്രിലിൽ, തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ പൂട്ടിയ കാറിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നാലും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് അന്ന് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |