ന്യൂഡൽഹി: പഹൽഗാമിൽ അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരം മായ്‌ക്കാൻ ശ്രമിച്ചവർ മണ്ണിലായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നവീകരിച്ച കേരളത്തിലെയടക്കം 103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനവും 26,000 കോടിയുടെ വികസനപദ്ധതികളുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മോദി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം മോദി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
ഏപ്രിൽ 22ലെ ആക്രമണത്തിനു മറുപടിയായി 22 മിനിറ്റിൽ ഭീകരരുടെ ഒമ്പതു പ്രധാന ഒളിത്താവളങ്ങൾ ഇന്ത്യ നശിപ്പിച്ചു. പവിത്രമായ സിന്ദൂരം വെടിമരുന്നായപ്പോൾ, അതിന്റെ നിർണായക ഫലത്തിന് ലോകം സാക്ഷിയായി. ഇന്ത്യയുടെ രക്തം ചൊരിഞ്ഞവർക്ക് വലിയ വില നൽകേണ്ടിവന്നു. ഇന്ത്യ നിശബ്ദത പാലിക്കുമെന്ന് കരുതിയവർ ഒളിച്ചിരിക്കുകയാണ്. ആയുധങ്ങളെക്കുറിച്ച് വീമ്പിളക്കിയവർ അവശിഷ്ടങ്ങളിൽ കുഴിച്ചിടപ്പെട്ടു. ഇത് ഇന്ത്യയുടെ അചഞ്ചല ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രകടനമാണ്.
തിരിച്ചടിക്കാൻ സേനയ്‌ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. മൂന്നുസേനകളും ചേർന്ന് പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതോടെ അവർക്ക് കീഴടങ്ങേണ്ടിവന്നു.
ഭീകരതയെ തകർക്കുന്നത് തന്ത്രവും തത്വവുമാണ്. ഇതാണ് പുതിയ ഇന്ത്യ. ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെയും വെറുതെ വിടില്ല. ഏഴ് സർവകക്ഷി സംഘങ്ങൾ വിദേശങ്ങളിൽ പോയി പാകിസ്ഥാന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടും. സിന്ധു നദിയിലെ വെള്ളം പാകിസ്ഥാന് നൽകില്ലെന്ന സൂചനയും മോദി നൽകി.
അഞ്ചുവർഷം മുമ്പ്, ബാലാകോട്ട് വ്യോമാക്രമണത്തിനുശേഷം, തന്റെ ആദ്യ പൊതുപരിപാടി രാജസ്ഥാനിലായിരുന്നുവെന്ന് പ്രധാനമന്ത്രി ഒാർമ്മിച്ചു. പ്രസംഗത്തിനിടെ 'മോദി,മോദി' എന്ന് ജനം ആർത്തുവിളിച്ചപ്പോൾ പ്രധാനമന്ത്രി വികാരാധീനനായി തലകുനിച്ച് കൈകൂപ്പി.
രണ്ടു ഭീകരരെ വധിച്ചു,
സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്ര സൈനികന് വീരമൃത്യു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സിപോയ് ഗെയ്ക്ലവാദ് പി. സന്ദീപാണ് വീരമൃത്യു വരിച്ചത്. ഛത്രൂ സിംഗ്‌പോറയിൽ നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഏഴോടെ നടന്ന സംയുക്ത സുരക്ഷാ സേനയുടെ ഓപ്പറേഷൻ ത്രാസിയ്‌ക്കിടെയായിരുന്നു സംഭവം. പ്രദേശം സേന വളഞ്ഞതോടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു.
മേഖലയിൽ ഓപ്പറേഷൻ തുടരുകയാണ്. നിരീക്ഷണത്തിന് ഹെലികോപ്ടറുൾപ്പെടെ എത്തിച്ചിട്ടുണ്ട്. ഇവിടെയുള്ള സെയ്ഫുള്ള, ഫർമാൻ, ആദിൽ ഉൾപ്പെടെയുള്ള ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |