അതിജീവിത അത് കുറ്റമായി കാണുന്നില്ല
നിയമത്തിലെ പഴുതുകൾ കണ്ണുതുറപ്പിക്കുന്നു
ന്യൂഡൽഹി: പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെടുകയും അതേ കേസിലെ അതിജീവിതയെ വിവാഹം ചെയ്യുകയും ചെയ്ത യുവാവിന്റെ ശിക്ഷ റദ്ദാക്കി സുപ്രീംകോടതി. അതിജീവിതയുടെ തീരുമാനം ശരിവച്ച കോടതി, കീഴ്‌കോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കുകയായിരുന്നു. പ്രതിക്കൊപ്പമുള്ള ജീവിതം അതിജീവിത ആഗ്രഹിക്കുന്നുവെന്ന പ്രത്യേക സമിതിയുടെ റിപ്പോർട്ടും കണക്കിലെടുത്തു. പ്രതിയോടുള്ള അതിജീവിതയുടെ വൈകാരിക അടുപ്പവും നിലവിലെ കുടുംബജീവിതത്തിൽ അതിജീവിത സംതൃപ്തയാണെന്നതും കോടതിക്ക് ബോദ്ധ്യപ്പെട്ടു. തുടർന്ന് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരമുപയോഗിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ പോക്‌സോ കുറ്റം റദ്ദാക്കിയില്ല. പ്രതി ചെയ്‌തത് നിയമപരമായി കുറ്റമാണെങ്കിലും അതിജീവിത അങ്ങനെ കാണുന്നില്ലെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 'സമൂഹം അവൾക്കെതിരെ തെറ്റായ വിധി പുറപ്പെടുവിച്ചു, നിയമ വ്യവസ്ഥ അവളെ തോൽപ്പിച്ചു, സ്വന്തം കുടുംബം പോലും പുറത്താക്കി. നിയമപരമായ കുറ്റകൃത്യത്തെക്കാളും അവൾക്ക് ആഘാതമുണ്ടാക്കിയത് ഇതാണ്. പ്രതിയെ രക്ഷിക്കാൻ അവൾക്ക് നിരന്തരം പോരാടേണ്ടി വന്നു. നിയമ വ്യവസ്ഥയിലെ ചില പഴുതുകൾ തുറന്നുകാട്ടുന്ന വസ്തുതകൾ എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നു-കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയായപ്പോൾ വിവാഹം
2018ൽ സംഭവം നടക്കുമ്പോൾ പ്രതിക്ക് 24വയസാണ്. അതിജീവിതയ്ക്ക് 14ഉം. പ്രണയത്തിലായിരുന്ന ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയായപ്പോൾ യുവാവ് വിവാഹം ചെയ്തു. ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. അതിജീവിതയുടെ അമ്മയുടെ പരാതി പ്രകാരം 2021ലാണ് പോക്‌സോ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. യുവാവിന് പ്രത്യേക കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. 2023ൽ കൽക്കട്ട ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കി. വിധിയിലുള്ള 'പെൺകുട്ടികൾ ലൈംഗിക പ്രേരണകൾ നിയന്ത്രിക്കണം" എന്ന ഹൈക്കോടതി നിരീക്ഷണം വിവാദമായി. അതിജീവിതയുടെ അമ്മ നൽകിയ അപ്പീലിൽ 2024 ആഗസ്റ്റ് 20ന്, സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി.
വേണം സംരക്ഷണം
അതിജീവിതയുടെ വൈകാരിക അവസ്ഥയുൾപ്പെടെ പരിശോധിക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരടങ്ങുന്ന സമിതി രൂപീകരിക്കാൻ ബംഗാൾ സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. കേസിൽ അമിക്കസ് ക്യൂറിയായി സുപ്രീംകോടതിയിലെ മലയാളി അഭിഭാഷക ലിസ് മാത്യു, മാധവി ദിവാൻ എന്നിവരെ നിയമിച്ചു. അതിജീവിതയ്‌ക്ക് സാമ്പത്തിക സഹായം വേണമെന്ന് കോടതി കണ്ടെത്തി. പത്താം ക്ലാസ് പരീക്ഷ എഴുതിക്കാനും അതിജീവിതയ്ക്ക് തൊഴിലധിഷ്ഠിത പരിശീലനമോ ജോലിയോ ശരിയാക്കാനും നിർദ്ദേശിച്ചു.
സുപ്രീംകോടതിയിൽ എത്തുംവരെ കേസിന്റെ ഒരു ഘട്ടത്തിലും അതിജീവിതയുടെ അഭിപ്രായം ആരും കേട്ടില്ല
- അഡ്വ. ലിസ് മാത്യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |