ന്യൂഡൽഹി:സ്വന്തം താത്‌പര്യങ്ങൾക്കായി ഭീകരതയെ സ്‌പോൺസർ ചെയ്യുന്നവർ അതിന്റെ അനന്തര ഫലങ്ങളും നേരിടണമെന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ രൂക്ഷ വിമർശനം. രാജ്യങ്ങൾ തമ്മിലുള്ള വിശ്വാസ്യതയ്‌ക്കും സമാധാനത്തിനും തടസമാണ് ഭീകരതയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ഹാങ്‌ഷൗവിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്ഥാന്റെ പേരു
പറയാതെയായിരുന്നു വിമർശനം. പ്രതിരോധ മന്ത്രിയെന്ന നിലയിൽ രാജ്നാഥ് സിംഗ് എസ്.സി.ഒ സെക്രട്ടറി ജനറലും റീജിയണൽ ആന്റി-ടെററിസ്റ്റ് സ്ട്രക്ചർ (ആർ.എ.ടി.എസ്) ഡയറക്ടറുമാണ്.
അതിർത്തി കടന്നുള്ള ഭീകരതയെ ഉപകരണമാക്കുന്നതും ഭീകരർക്ക് അഭയം നൽകുന്നതും ചില രാജ്യങ്ങളുടെ നയമാണ്. ഇത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്.സി.ഒ മടിക്കരുത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഭീകരതയും കൂട്ട നശീകരണ ശേഷിയുള്ള ആയുധങ്ങളുടെ വ്യാപനവും ലോക സമാധാനത്തിനും സമൃദ്ധിക്കും തടസമാണ്.
ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരമാണ്. അതിർത്തി കടന്നുള്ള ഭീകരതയെയും അതിന് പിന്തുണ നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഭീകരത ഏതു രൂപത്തിലായാലും ഇന്ത്യ വച്ചു പൊറുപ്പിക്കില്ല.പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഭീകരതയും അതിർത്തി കടന്നുള്ള ആക്രമണങ്ങളും തടയാനാനുള്ള അവകാശമാണ് ഇന്ത്യ വിനിയോഗിച്ചത്. ഭീകരതയുടെ കേന്ദ്രങ്ങളെ ഇനി വെറുതെ വിടില്ല.
ഡ്രോൺ മയക്കുമരുന്ന് കടത്ത്, സൈബർ ആക്രമണം, ഹൈബ്രിഡ് യുദ്ധം തുടങ്ങിയ ആധുനിക വെല്ലുവിളികൾ അതിർത്തികൾക്ക് അതീതമാണ്. രാജ്യങ്ങൾ ഒന്നിച്ച് നേരിടണം. അഫ്ഗാനിസ്ഥാനിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കാൻ ഇന്ത്യ പ്രതിബദ്ധമാണ്. മാനുഷിക, വികസന മേഖലകളിൽ ഇന്ത്യയുടെ സഹായമുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ്, താജിക്കിസ്ഥാൻ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഇമോമാലി സോബിർസോദർ, ബെലറൂസ് പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ വി.ജി. ക്രെനിൻ തുടങ്ങിയവരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്‌ച നടത്തി.
□എസ്.സി.ഒ:
പ്രാദേശിക സഹകരണവും സുരക്ഷയും ലക്ഷ്യമിട്ട് 2001ൽ സ്ഥാപിതമായി. ഇന്ത്യയ്‌ക്ക് 2017ൽ പൂർണ അംഗത്വം. നിലവിൽ അദ്ധ്യക്ഷ സ്ഥാനം ചൈനയ്‌ക്ക്. അംഗങ്ങൾ:റഷ്യ, ഇന്ത്യ, ചൈന, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |