മരണം ഹൃദയാഘാതത്താൽ
ഫോറൻസിക് സംഘം പരിശോധന നടത്തി
മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) അന്തരിച്ചു. പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് കാരണം. ഒഷിവാര ഹിന്ദു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
കഴിഞ്ഞ ദിവസം രാത്രി മുംബയ് അന്ധേരിയിലെ വീട്ടിൽ ബോധം നഷ്ടപ്പെട്ട നിലയിൽ ഷെഫാലിയെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് പരാഗ് ത്യാഗിയും വീട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ്, ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാനാകുയെന്ന് പൊലീസ് പറഞ്ഞു.
2002ൽ പുറത്തിറങ്ങിയ 'കാന്ത ലഗാ" എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഗാനം അന്ന് വലിയ തരംഗമായി മാറി. സൽമാൻ ഖാൻ ചിത്രമായ മുജ്‌സെ ഷാദി കരോഗിയുൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു. നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്തു. ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം നിരവധി ഷോകളിൽ പരാഗും പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13-ാം സീസൺ മത്സരാർത്ഥിയായിരുന്നു. 2004 ൽ ഹർമീത് സിംഗിനെ വിവാഹം ചെയ്‌തെങ്കിലും 2009ൽ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയുമായുള്ള വിവാഹം.
യൗവനം നിലനിറുത്താൻ
ചികിത്സ
യൗവനം നിലനിറുത്തുന്നതിനായി ഷെഫാലി ആറ് വർഷത്തോളമായി പ്രത്യേക ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിനുള്ള മരുന്നുകളിൽ പ്രധാനമായും വിറ്റാമിൻ സിയും ഗ്ലൂട്ടത്തയോണും ഉൾപ്പെടുന്നു. ഗ്ലൂട്ടത്തയോൺ ചർമ്മത്തിന്റെ സംരക്ഷണത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നു. എന്നാൽ ഈ മരുന്നുകളൊന്നും ഹൃദയത്തെ ബാധിക്കുന്നതല്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
അന്ന് സിദ്ധാർത്ഥും
പഞ്ചാബി ഗായികയും നടിയുമായ ഹിമാൻഷി ഖുറാന പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. 'ശപിക്കപ്പെട്ട സ്ഥലമാണ് ബിഗ് ബോസ്' എന്ന് ഹിമാൻഷി കുറിച്ചു. ഷെഫാലിക്കൊപ്പം ബിഗ് ബോസ് സീസൺ 13ലെ മത്സരാർഥിയായിരുന്നു ഹിമാൻഷി.
2019ലായിരുന്നു ഷോ. അന്ന് മത്സരാർഥിയായിരുന്ന സിദ്ധാർഥ് ശുക്ലയും 2021ൽ ഹൃദയാഘാതത്താൽ മരിക്കുകയായിരുന്നു. 40 വയസുള്ള സിദ്ധാർത്ഥായിരുന്നു ആ സീസണിലെ വിജയി. ഷെഫാലിയും സിദ്ധാർഥും പ്രണയത്തിലായിരുന്നു. പിന്നീട് പിരിഞ്ഞെങ്കിലും അവർ സുഹൃത്തുക്കളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |