ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി റിസർച്ച് ആന്റ് അനാലിസിസിന്റെ(റോ) മേധാവിയായി പഞ്ചാബ് കേഡർ 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനിനെ നിയമിച്ച് കേന്ദ്രസർക്കാർ. ജൂൺ 30 ന് വിരമിക്കുന്ന രവി സിൻഹയുടെ പിൻഗാമിയായി രണ്ടു വർഷത്തേക്കാണ് നിയമനം. ജൂലായ് ഒന്നിന് ചുമതലയേൽക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ പാകിസ്ഥാൻ സ്‌പെഷ്യലിസ്റ്റ് എന്നാണ് പരാഗ് അറിയപ്പെടുന്നത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവുകൾ ഓപ്പറേഷൻ സിന്ദൂറിൽ ഏറെ പ്രയോജനപ്പെട്ടെന്നാണ് വിവരം. റോയുടെ വ്യോമ നിരീക്ഷണം അടക്കമുള്ള ഏവിയേഷൻ റിസർച്ച് സെന്റർ (എ.ആർ.സി) മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു.
പഞ്ചാബ് പൊലീസിൽ പ്രവർത്തിക്കവേ ഖാലിസ്ഥാൻ ഭീകരവാദം ഒതുക്കുന്നതിൽ മികവുകാട്ടിയത് കണക്കിലെടുത്താണ് ഇദ്ദേഹത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ക്ഷണിച്ചത്. കാനഡയിലെ ഖാലിസ്ഥാൻ പ്രവർത്തനം നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുകാശ്‌മീരിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |