ന്യൂഡൽഹി: ആയുസ് കഴിഞ്ഞ വാഹനങ്ങൾക്ക് ഇന്ധന വിലക്ക് ഏർപ്പെടുത്തിയത് തത്‌കാലം നിറുത്തിവച്ച് ഡൽഹി സർക്കാർ. പഴയ വാഹനങ്ങളെ കണ്ടെത്തി വിലക്ക് നടപ്പാക്കുന്നത് സാങ്കേതികമായി വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണിതെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. പഴയ വാഹനങ്ങൾക്കായി പുതിയ സമ്പ്രദായം നടപ്പാക്കും. ഡൽഹിയുടെ പരിസ്ഥിതിക്ക് കോട്ടം വരുത്താൻ അനുവദിക്കില്ലെന്നും അതേസമയം വാഹനങ്ങൾ കണ്ടുകെട്ടാൻ ഉദ്യേശമില്ലെന്നും സിർസ പറഞ്ഞു.
കാരണങ്ങൾ
പഴയ വാഹനങ്ങൾ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സംവിധാനത്തിലെ സാങ്കേതിക തകരാറുകളും എല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കാത്തതും. പഴയ വാഹനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് തടയാനാകുന്നില്ല. കരിഞ്ചന്തയിൽ ഇന്ധനം സുലഭമായി.
ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും വാഹന ഡാറ്റാബേസുകളുമായി സംയോജിപ്പിക്കാത്തതിലുള്ള സാങ്കേതിക പ്രശ്‌നം.
ഭാരത് സ്റ്റേജ് ആറ് മാനദണ്ഡപ്രകാരം 2020 മുതൽ ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും നിരോധനമുണ്ട്. നിരോധനം മറികടന്ന് വാഹനങ്ങൾ ഓടുന്നത് നിയന്ത്രിക്കാനാണ് ജൂലായ് ഒന്നുമുതൽ ഇന്ധന വിലയ്‌ക്കും പിഴയും കൊണ്ടുവന്നത്.
മാറ്റമില്ലാതെ വാഹന വിപണി
ഇന്ധനവിലക്ക് യൂസ്‌ഡ് കാർ വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന് ഡൽഹിയിൽ യൂസ്‌ഡ് കാർ വിപണിയിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം സ്വദേശി അലി അക്‌സർ. നിരോധനമുള്ളത് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കാണ്. അവ വാങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാൻ ഡൽഹിയിൽ എൻ.ഒ.സി ലഭിക്കില്ല. ഇതറിയാതെ 2014 മോഡൽ ഇന്നോവ പോലുള്ള കാറുകൾ മൂന്നു ലക്ഷം രൂപയ്‌ക്കും മറ്റും വാങ്ങി മലയാളികൾ വഞ്ചിതരാകുന്നുണ്ടെന്നും അലി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |