ന്യൂഡൽഹി: മുംബയ് ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് അരക്കിട്ടുറപ്പിച്ച് ഭീകരൻ തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ. താൻ പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റാണ്. പാകിസ്ഥാൻ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ലഷ്കറെ ത്വയ്ബയിൽ നിന്ന് പരിശീലനം നേടി. പാക് ഉന്നത ഉദ്യോഗസ്ഥരുമായി തനിക്കു നേരിട്ട് ബന്ധം. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണത്തിൽ അതിനിർണായകമായ പങ്കുണ്ട്. താൻ അവരുടെ ചാര ശൃംഖലയിലെ അംഗമായിരുന്നുവെന്നും തീഹാർ ജയിലിൽ കഴിയുന്ന റാണ എൻ.ഐ.എയുടെയും മുംബയ് ക്രൈംബ്രാഞ്ചിന്റെയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കൂടുതൽ ചോദ്യം ചെയ്യലിനായി മുംബയ് പൊലീസ് റാണയെ കസ്റ്റഡിയിൽ വാങ്ങിയേക്കും. 2008 നവംബർ 26നായിരുന്നു രാജ്യത്തെ ഞെട്ടിച്ച മുംബയ് ഭീകരാക്രമണം. 166 പേരാണ് കൊല്ലപ്പെട്ടത്. 10 അംഗ ഭീകരസംഘത്തിലെ 9 പേരെ വധിച്ചു. പിടിയിലായ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റി.
പാക് ഭീകരർ മുംബയ് നഗരത്തെ ചോരക്കളമാക്കുമ്പോൾ റാണ മുംബയിൽ ഉണ്ടായിരുന്നുവോയെന്ന് വ്യക്തത വരുത്താൻ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. 2008 നവംബർ 20നും 21നും മുംബയ് പോവൈയിലെ ഹോട്ടലിൽ റാണ താമസിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുമുൻപ് മുംബയിൽ നിന്ന് ദുബായ് വഴി ബീജിംഗിലേക്ക് കടന്നുവെന്നാണ് റാണയുടെ മൊഴി. എന്നാൽ ആക്രമണസമയത്തും റാണ മുംബയിലുണ്ടായിരുന്നുവെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കറെ ത്വയ്ബയുമായും ഐ.എസ്.ഐയുമായും നിരന്തരം ആശയവിനിമയം നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് താനാണെന്ന് റാണ വെളിപ്പെടുത്തി.
റാണയുടെ മറ്റ്
വെളിപ്പെടുത്തലുകൾ
1. യു.എസ് പൗരനായ പാക് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് ആസൂത്രണത്തിൽ പങ്കുണ്ട്
2. മുംബയിൽ ഇമിഗ്രന്റ് ലോ സെന്റർ കമ്പനി സ്ഥാപിച്ചത് ആസൂത്രണത്തിനുള്ള മറയായി
3. കമ്പനി സ്ഥാപിക്കാനുള്ള ആശയം തന്റേത്.
4. ആക്രമണത്തിന് മുൻപ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വിവിധ നഗരങ്ങൾ സന്ദർശിച്ചു
5. ഡൽഹി, മുംബയ്, ജയ്‌പൂർ, ഗോവ, പുഷ്‌കർ, പുണെ നഗരങ്ങളിലെത്തി
ഇന്ത്യൻ നിലപാടിന് ബലം
പാകിസ്ഥാൻ അതിർത്തി കടന്ന് ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന ഇന്ത്യയുടെ നിലപാടിന് ബലം നൽകുന്നതാണ് റാണയുടെ വെളിപ്പെടുത്തലുകൾ. പാകിസ്ഥാൻ ഭീകരരാഷ്ട്രമാണെന്ന ഇന്ത്യയുടെ വാദത്തിന് അന്താരാഷ്ട്രതലത്തിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാൻ ഇന്ത്യയ്‌ക്ക് ഈ വെളിപ്പെടുത്തലുകൾ കരുത്ത് പകരും.
പാക് വംശജൻ,
കനേഡിയൻ പൗരൻ
പാകിസ്ഥാൻ വംശജനായ തഹാവുർ റാണയ്ക്ക് കനേഡിയൻ പൗരത്വമാണുള്ളത്. കഴിഞ്ഞ ഏപ്രിൽ 10നാണ് യു.എസിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. 1986ൽ റാവൽപിണ്ടിയിലെ സൈനിക മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ റാണ പാക് സൈന്യത്തിൽ ക്യാപ്റ്റൻ ഡോക്ടറായി. ഗൾഫ് യുദ്ധസമയത്ത് രഹസ്യദൗത്യത്തിനായി സൗദി അറേബ്യയിലേക്ക് പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |