ന്യൂഡൽഹി: വോട്ട് ചോർച്ച ആരോപണങ്ങൾ പത്രസമ്മേളനത്തിൽ തള്ളിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. നീക്കം മുളയിലെ നുള്ളാൻ സർക്കാരിന് കഴിയുമെന്നിരിക്കെ പ്രമേയത്തിലൂടെ ഗ്യാനേഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നലെ രാവിലെ രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജ്ജുന ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേർന്ന 'ഇന്ത്യ' മുന്നണി യോഗത്തിലാണ് ഇംപീച്ച്മെന്റ് നീക്കം ചർച്ചയായത്. ഇംപീച്ച്മെന്റിനുള്ള നടപടിക്രമം,സാഹചര്യം,സമയം തുടങ്ങിയവ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം നേതാവും എം.പിയുമായ ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇംപീച്ച്മെന്റ്
സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജുമാരുടെ കാര്യത്തിലെന്ന പോലെ സ്വഭാവദൂഷ്യം കഴിവില്ലായ്‌മ തുടങ്ങിയവ ചൂണ്ടിക്കാട്ടി 2023ൽ പാസാക്കിയ നിയമം പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയെയും പാർലമെന്റിന് ഇംപീച്ച്മെന്റ് ചെയ്യാനാവും. ഇരു സഭകളിലും ഹാജരായ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കി രാഷ്ട്രപതിയോട് പുറത്താക്കാൻ ആവശ്യപ്പെടാം. കുറഞ്ഞത് 50 അംഗങ്ങൾ ഒപ്പിടുന്ന പ്രമേയം ലോക്‌സഭാ സ്‌പീക്കർ,രാജ്യസഭാ അദ്ധ്യക്ഷൻ എന്നിവർ സ്വീകരിക്കുന്നതാണ് ആദ്യ പടി. മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിനെതിരെ പ്രതിപക്ഷം നൽകിയ ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭാ സ്വീകരിച്ചിരുന്നില്ല.
കമ്മിഷണറെ
തള്ളി പ്രതിപക്ഷം
ബീഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടത്തൽ,രാഹുൽ ഗാന്ധി പുറത്തുവിട്ട കർണാടകയിലെ മഹാദേവ പുരയിലെ ക്രമക്കേട് എന്നിവയ്‌ക്ക് മറുപടി പറയാതെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതിപക്ഷത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന് 'ഇന്ത്യ' മുന്നണി സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടി പറയാതെ,അന്വേഷണം പ്രഖ്യാപിക്കാതെ സ്വതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് കമ്മിഷണർ. ഗ്യാനേഷ് കുമാർ പദവിയിലിരിക്കാൻ യോഗ്യൻ അല്ലെന്നും 'ഇന്ത്യ' മുന്നണി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |